ഇന്‍ഷുറന്‍സ് കമ്പനി നിരസിച്ച മെഡി ക്ലെയിം പലിശ സഹിതം നല്‍കാന്‍ ഉത്തരവ്

Posted on: February 5, 2019

കൊച്ചി : വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ വ്യക്തിക്ക് അധിക പരിരക്ഷാ പോളിസി പ്രകാരമുള്ള 10 ലക്ഷം രൂപയുടെ മെഡി ക്ലെയിം ആനുകൂല്യം അനുവദിക്കാന്‍ സ്ഥിരം ലോക് അദാലത്ത് ഉത്തരവിട്ടു. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി ആനുകൂല്യ നിഷേധിച്ചതിനെതിരെ തൃശൂര്‍ സ്വദേശി സജീഷ് ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് ചെയര്‍മാന്‍ എസ് ജഗദീശ്, അംഗങ്ങളായ സി രാധാകൃഷ്ണന്‍, പി ജി ഗോപി എന്നിവരുടെ വിധി.

10 വര്‍ഷം മുന്‍പു ഹര്‍ജിക്കാരന്‍ വൃക്ക മാറ്റി വെച്ചപ്പോള്‍ സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി അന്നത്തെ പോളിസിയുടെ അടിസ്ഥാനത്തില്‍ ആനുകൂല്യം നല്‍കിയിരുന്നു. ഇതേ പോളിസിയുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരന്‍ 10 ലക്ഷം രൂപയുടെ അധിക പരിരക്ഷാ പോളിസിയും എടുത്തിരുന്നു.

രണ്ടാമതു വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വന്നപ്പോള്‍ നല്‍കിയ അപേക്ഷ കമ്പനി തള്ളി. ആദ്യത്തെ ശസ്ത്രക്രിയയുടെ വിവരങ്ങള്‍ വെളിപ്പെടുത്താതെയാണു 10 ലക്ഷം രൂപയുടെ അധിക പരിരക്ഷാ പോളിസി എടുത്തതെന്നു കുറ്റപ്പെടുത്തിയാണ് അപേക്ഷ തള്ളിയത്.

എന്നാല്‍ ആദ്യ ശസ്ത്രക്രിയയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയ കമ്പനി തന്നെ വിവരം മറച്ചുവെച്ചതായി വാദിക്കുന്നതു നിലനില്‍ക്കില്ലെന്നു സ്ഥിരം അദാലത്ത് വിലയിരുത്തി. അപേക്ഷ പുനംപരിശോധിച്ചു നിയമാനുസൃതമായ ആനുകൂല്യം 9 ശതമാനം പലിശ സഹിതവും പുറമെ കക്ഷിക്കു കോടതി ചെലവായി 10,000 രൂപയും നല്‍കാന്‍ അദാലത്ത് വിധിച്ചു.