പോളിസികള്‍ വീട്ടിലെത്തിക്കാന്‍ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കും ബജാജ് അലയന്‍സും തമ്മില്‍ ധാരണ

Posted on: September 19, 2018

കൊച്ചി : വീട്ടില്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ എത്തിക്കുവാന്‍ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കും (ഐപിപിബി) ബജാജ് അലയന്‍സും കൈകോര്‍ക്കുന്നു. ഇതിനായി ഐപിപിബിയും ബജാജ് അലയന്‍സും തമ്മില്‍ കോര്‍പറേറ്റ് ഏജന്‍സി കരാറില്‍ ഒപ്പുവച്ചു.

പുതിയതായി രൂപീകരിച്ച ഐപിപിബിയുമായി കരാര്‍ വയ്ക്കുന്ന ആദ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികൂടിയാണ് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്. ബജാജ് അലയന്‍സിന്റെ വൈവിധ്യമാര്‍ന്ന ലൈഫ് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ ഐപിപിബിയുടെ ഇപ്പോഴുള്ള 3250 വിപണന പോയിന്റുകളില്‍ ലഭ്യമാകും. തുടര്‍ന്ന് രാജ്യത്തെ 1,55,000 പോസ്റ്റോഫീസുകളിലും ഇവ ലഭ്യമാകും.

ഐപിപിബിയുടെ ഇടപാടുകാരെ മുന്നില്‍കണ്ടുകൊണ്ട് ബജാജ് അലയന്‍സ് ലൈഫ് വൈവിധ്യമാര്‍ന്ന ലൈഫ് ഇന്‍ഷുറന്‍സ് സൊലൂഷന്‍സ് ലഭ്യമാക്കിയിട്ടുണ്ട്. അപകടം മൂലം സ്ഥിരമായോ, ഭാഗികമായോ ഉണ്ടാകുന്ന വികലാംഗത്വം, മാരകരോഗങ്ങള്‍ എന്നിവയ്ക്കുള്‍പ്പെടെ കവറേജ് ലഭിക്കുന്ന സമഗ്ര ലൈഫ് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.