കാനറ എച്ച്എസ്ബിസി ലൈഫ് ഇൻഷുറൻസിന് 168 കോടി അറ്റാദായം

Posted on: May 31, 2018

കൊച്ചി : കാനറ എച്ച്എസ്ബിസി ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇൻഷുറൻസ് കമ്പനി 2017-18 സാമ്പത്തിക വർഷം 51 ശതമാനം വളർച്ചയോടെ 168 കോടി രൂപ അറ്റദായം നേടി. പുതിയ ബിസിനസുകളിൽ നിന്നുള്ള കമ്പനിയുടെ വ്യക്തിഗത പ്രീമിയം 34 ശതമാനം വർധിച്ച് 818 കോടി രൂപയായി. ഈ മേഖലയിലെ പൊതു വളർച്ചാ നിരക്ക് 19 ശതമാനം മാത്രമുള്ളപ്പോഴാണ് കമ്പനിയുടെ ഈ നേട്ടം. ക്ലെയിമുകൾ പരിഹരിക്കുന്ന നിരക്ക് 97.18 ശതമാനത്തിലാണെന്നും 2017-18 സാമ്പത്തിക വർഷത്തേക്കുള്ള പ്രവർത്തന ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.

12,690 കോടി രൂപയുടെ ആസ്തിയാണ് 2018 മാർച്ച് 31 ലെ കണക്കുകൾ പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്നത്. ചെറുകിട ഇടത്തരം പട്ടണങ്ങളിൽ നിന്നാണ് ഈ വർഷത്തെ ബിസിനസ് ലഭിച്ചിട്ടുള്ളതെന്ന് കാനറ എച്ച്എസ്ബിസി ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇൻഷുറൻസ് സിഇഒ അനൂജ് മാത്തൂർ പറഞ്ഞു.