ബജാജ് അലയൻസ് ലൈഫ് മൊസാമ്പി സംവിധാനം അവതരിപ്പിച്ചു

Posted on: December 6, 2017

കൊച്ചി : ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് മൊസാമ്പി സംവിധാനം ഉപയോഗിച്ചുള്ള ഡിജിറ്റൽ ശാഖാ സേവനം ഇടപാടുകാർക്കായി അവതരിപ്പിച്ചു. മൊസാമ്പി ഉപകരണം ഉപയോഗിച്ച് ഒരു ശാഖയിൽനിന്നു ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇടപാടുകാരനു ലഭ്യമാകും. പ്രീമിയം പേമന്റ് സർട്ടിഫിക്കറ്റ്, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, പ്രീമിയം പുതുക്കൽ, ക്ലെയിം സ്റ്റാറ്റസ്, ശാഖ കണ്ടെത്തൽ, പാൻ, ആധാർ നമ്പർ, ഇ-മെയിൽ, മൊബൈൽ നമ്പർ തുടങ്ങിയവ പുതുക്കൽ, ഫണ്ടിന്റെ മൂല്യം, ബോണസ് സ്റ്റേറ്റ്‌മെന്റ്, വിൽപന, സേവന വിവരങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയവയെല്ലാം ഇതുപയോഗിച്ച് നടത്താം.

ചെക്ക്, ഡിഡി, ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ, ഓൺലൈൻ പേമെന്റ് തുടങ്ങിയവ ഉപയോഗിച്ച് പ്രീമിയം പുതുക്കുവാൻ മൊസാമ്പിയിൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഇ- വാലറ്റിൽനിന്നു പണം അടയ്ക്കുവാനുള്ള സൗകര്യം ഉടനേ ലഭ്യമാക്കുമെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി സിഇഒ തരുൺ ചുഗ് പറഞ്ഞു. ആദ്യമായി ഇത്തരത്തിലുള്ള സംവിധാനം എത്തിക്കുന്നവരെന്ന നിലയിൽ ഉപഭോക്തക്കൾ തങ്ങളുടെ പ്രതിബദ്ധതയെ സ്വാഗതം ചെയ്യുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ശാഖയിൽ നേരിട്ട് എത്താതെ ഇടപാടുകാർക്ക് ഞങ്ങളുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തുവാൻ ഇതു സഹായിക്കുന്നു. അതു വഴി ഉപഭോക്താക്കൾക്ക് അവരുടെ സമയം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്നു – തരുൺ ചുഗ് കൂട്ടിച്ചേർക്കുന്നു.

ബോയിംഗ് എന്ന പേരിൽ കമ്പനി അടുത്തകാലത്ത് ഒരു വെർച്വൽ ചാറ്റ് അസിസ്റ്റന്റ് കമ്പനിയുടെ വെബ്‌സൈറ്റിനു പുറമേ ഫേസ് ബുക്കിൽ ലഭ്യമാക്കി. ബോയിംഗ് പ്രതിദിനം 35,000 ഇടപാടുകാർ സന്ദർശിക്കുന്നു. ഇതുവരെ ബോയിംസ് വഴി 75,000 അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് നൽകുവാൻ സാധിച്ചു. 11,000 പ്രീമിയം പുതുക്കലും 5000 പ്രീമിയം പേമെന്റ് സർട്ടിഫിക്കറ്റ് നൽകലും സാധിച്ചു. നാലായിരം പോളിസിയുടെ ക്ലെയിം സ്റ്റാറ്റസ് പങ്കുവയ്ക്കുവാനും സാധിച്ചു.

പുതിയ സാങ്കേതിക വിദ്യയ്ക്കായി ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും തരുൺ ചുഗ് അറിയിച്ചു.