ബജാജ് അലയൻസ് ലൈഫ് വ്യക്തിഗത പ്രീമിയം വർധന 41 ശതമാനം

Posted on: June 5, 2017

കൊച്ചി : ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി 2016-17-ൽ 3290 കോടി രൂപയുടെ പുതിയ പ്രീമിയം നേടി. മുൻവർഷമിതേ കാലയളവിലെ 2885 കോടി രൂപയേക്കാൾ 14 ശതമാനം കൂടുതലാണിത്. കമ്പനിയുടെ മൊത്തം പ്രീമിയം 4.84 ശതമാനം വളർച്ചയോടെ 5897 കോടി രൂപയിൽനിന്നു 6183 കോടി രൂപയിലെത്തി. കമ്പനിയുടെ പോളിസികൾ വഴി 4.37 കോടി ആളുകൾക്ക് കവറേജ് ലഭ്യമാക്കിയിട്ടുണ്ട്.

വ്യക്തിഗത പോളിസികൾക്കു നൽകിയ ഊന്നലാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുവാൻ കമ്പനിയ സഹായിച്ചത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വ്യക്തിഗത പ്രീമിയം 41 ശതമാനം വർധനയാണു കാണിച്ചത്. ഈ വിഭാഗത്തിൽ ശരാശരി വ്യവസായ വളർച്ച 21 ശതമാനമാണ്. വരും വർഷങ്ങളിൽ ഉപഭോക്തൃ കേന്ദ്രീകൃത സമീപനവും ഡിജിറ്റൽ ഇനീഷ്യേറ്റീവും വഴി മികച്ച വളർച്ച നേടാൻ കഴിയുമെന്ന് ബജാജ് അലയൻസ് ലൈഫ്ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തരുൺ ചുഗ് പറഞ്ഞു.

ഏജൻസി ചാനൽ വഴിയുള്ള പുതിയ പ്രീമിയം വളർച്ച 15 ശതമാനമാണ്. നേടിയ പ്രീമിയം 899.95 കോടി രൂപയാണ്. മുൻവർഷമിതേ കാലയളവിലിത് 782.77 കോടി രൂപയായിരുന്നു. പാർട്ണർഷിപ് വിതരണ ചാനൽ വഴിയുള്ള പുതിയ പ്രീമിയം 18.6 ശതമാനം വളർച്ചയോടെ 633 കോടി രൂപയിലെത്തി. മുൻവർഷമിതേ കാലയളവിലിത് 533 കോടി രൂപയായിരുന്നു.

ക്ലെയിം സെറ്റിൽമെന്റ് ഇക്കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 99.16 ശതമാനമാണ്. കമ്പനി 2,16,834 ക്ലെയിമുകൾ സെറ്റിൽ ചെയ്ത് 1033 കോടി രൂപ ഇടപാടുകാർക്കു വിതരണം ചെയ്തു. കമ്പനി മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം മുൻവർഷത്തെ 44,107 കോടി രൂപയിൽനിന്നു 12 ശതമാനം വർധിച്ച് 49,270 കോടി രൂപയിലെത്തി.

കമ്പനിയ്‌ക്കെതിരേയുള്ള ഇടപാടുകാരുടെ പരാതി 2016-17-ൽ 72 ശതമാനം കുറഞ്ഞു. മുൻവർഷമിതേ കാലയളവിൽ 27 ശതമാനം കുറവാണ് കാണിച്ചത്. 2015-16-നെ അപേക്ഷിച്ച് ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ചെലവിൽ 4 ശതമാനം കുറവു വരുത്തുവാൻ സാധിച്ചിട്ടുണ്ടെന്നും ചുഗ് അറിയിച്ചു.

TAGS: Bajaj Allianz |