മൊബൈൽ സെൽഫ് ഇൻസ്‌പെക്ഷൻ ആപ്പുമായി ഐസിഐസിഐ ലൊംബാർഡ്

Posted on: November 30, 2016

icici-lombard-mobile-self-i

കൊച്ചി : വാഹനത്തിന്റെ പരിശോധന കൂടാതെ ലാപ്‌സായ മോട്ടോർ ഇൻഷുറൻസ് പോളിസി പുതുക്കുവാൻ സഹായിക്കുന്ന മൊബൈൽ സെൽഫ് ഇൻസ്‌പെക്ഷൻ ആപ്പ് ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് അവതരിപ്പിച്ചു. ഒരു ജനറൽ ഇൻഷുറൻസ് കമ്പനി ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊരു സൗകര്യം ലഭ്യമാക്കുന്നത്. മോട്ടോർ ഇൻഷുറൻസ് പോളിസി ലാപ്‌സായാൽ പുതുക്കുന്നതിനു വാഹന പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ സാധാരണ പൂർത്തിയാക്കേണ്ടതുണ്ട്. സർവേയർ എത്തി വാഹന പരിശോധനയ്ക്കുശേഷം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോളിസി പുതുക്കുക.

സർവേയറുടെ പരിശോധന കൂടാതെ വാഹന ഉടമയ്ക്കുതന്നെ പോളിസി പുതുക്കാനുള്ള സൗകര്യമാണ് പുതിയ ആപ്പിൽ ലഭ്യമാക്കിയിട്ടുള്ളത്. മൊബൈൽ ആപ്പ് വഴിയോ കമ്പനിയുടെ വെബ്‌സൈറ്റ് ആയ www.icicilombard.com വഴിയോ ഓൺലൈൻ പേമെന്റ് നടത്തി പോളിസി പുതുക്കാം. പ്രീമിയം തുക അടച്ചശേഷം വാഹനത്തിന്റെ വീഡിയോ ഇൻഷുർ ആപ്പ് വഴി അപ്‌ലോഡ് ചെയ്താൽ മതി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ വാഹന ഉടമയ്ക്കു പുതിയ പോളിസി ലഭിക്കുമെന്ന് ഐസിഐസിഐ ലൊംബാർഡിന്റെ ഹെൽത്ത് ആൻഡ് മോട്ടോർ അണ്ടർറൈറ്റിംഗ് ആൻഡ് ക്ലെയിംസിലെ സഞ്ജയ് ദത്ത പറഞ്ഞു.

മൊബൈൽ ആപ് വഴി പോളിസി പുതുക്കുവാൻ വേണ്ടത് ഇന്റർനെറ്റ് കണക്ഷൻ, 3 എംപി കാമറ റെസൊലൂഷൻ എന്നിവ മാത്രമേ ആവശ്യമുള്ളു. പകൽ വെളിച്ചത്തിൽ വീഡിയോ റെക്കോർഡ് ചെയ്ത് അപ്‌ലോഡ് ചെയ്താൽ പോളിസി പുതുക്കൽ പൂർത്തിയായി. വീഡിയോ അപ്‌ലോഡ് ചെയ്തശേഷം മൊബൈൽ ആപ്പിലെ മൈ പോളിസി വിഭാഗത്തിൽനിന്നു പോളിസിയുടെ സ്റ്റാറ്റസ് മനസിലാക്കാം.