ഇൻഷുറൻസിലൂടെ എങ്ങനെ ആദായമുണ്ടാക്കാം

Posted on: August 23, 2013

ജീവിതനിലവാരം ഉയരുന്നു എന്നു പറയുമ്പോൾ ജീവിതച്ചെലവുകൾ ഉയരുന്നു എന്നൊരു അർത്ഥം കൂടിയുണ്ട്. വർധിച്ചു വരുന്ന ആവശ്യങ്ങൾക്കൊത്ത് വരുമാനവും വർധിപ്പിക്കണം. ഇക്കാര്യത്തിന് പലരും ക്രെഡിറ്റ് കാർഡുകളെയാണ് ആശ്രയിക്കുന്നത്. നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും മറ്റും വാങ്ങാൻ ഇത് മതിയാകും. എന്നാൽ ജീവിതത്തിലെ ചില ദീർഘകാല ലക്ഷ്യങ്ങൾ നിറവേറ്റാൻ ഈ മാർഗങ്ങൾ മതിയാവുകയില്ല. എന്നു മാത്രമല്ല മികച്ച ആസൂത്രണവും (പ്ലാനിംഗ്) ഇക്കാര്യത്തിൽ ആവശ്യമാണ്. വിദൂരഭാവിയ്ക്കു വേണ്ടി പ്ലാൻ ചെയ്യുന്നത് ജീവിതവിജയത്തിന് നിർണായകമാണ്.

മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, എഫ്ഡി, ഭൂമി, സ്വർണം തുടങ്ങിയവയിലെ നിക്ഷേപങ്ങളാണ് ഭാവി സുരക്ഷിതമാക്കുന്നതിനായി പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. സംരക്ഷണവും വിവിധ ജീവിതഘട്ടങ്ങൾക്കുള്ള പ്ലാനിംഗും കണക്കിലെടുക്കുമ്പോൾ ഇക്കൂട്ടത്തിൽ ചേർക്കാവുന്ന മറ്റൊരു മികച്ച നിക്ഷേപമാർഗമാണ് ഇൻഷുറൻസ്. നിങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് തെരഞ്ഞെടുക്കുന്ന ഒരു ലൈഫ് ഇൻഷുറൻസ് പ്ലാൻ, സ്ഥിരമായ ഒരു നിക്ഷേപ ഉപാധിയെന്ന നിലയിൽ മാത്രമല്ല നിങ്ങളുടെ ജീവിതലക്ഷ്യങ്ങൾ സാക്ഷാത്കരിക്കും വരെ നിങ്ങൾക്കാവശ്യമായ സംരക്ഷണം ഉറപ്പുവരുത്തുന്ന ഒരു കവചം കൂടിയാണ്.

മറ്റ് നിക്ഷേപമാർഗങ്ങളെ അപേക്ഷിച്ച് മികച്ച വൈവിധ്യവൽകരണത്തിന് സാധ്യത തരുന്നതാണ് ഇൻഷുറൻസിലെ നിക്ഷേപം. പരമ്പരാഗത പ്ലാനുകൾ, യൂണിറ്റ് ലിങ്ക്ഡ് പ്ലാനുകൾ (യുലിപ്) തുടങ്ങിയ വിവിധ മാർഗങ്ങളിലൂടെ കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയർമെന്റ് തുടങ്ങിയവ പ്ലാൻ ചെയ്യാൻ ഇൻഷുറൻസ് സഹായിക്കുന്നു.

ആദായമുണ്ടാക്കാനും ഇൻഷുറൻസ്

ആദായം തരുന്നതോടൊപ്പം സമ്പാദ്യത്തെ സംരക്ഷിക്കുന്നതുമായ നിക്ഷേപമാർഗമെന്ന നിലയിൽ ശക്തമായ സാമ്പത്തിക അടിത്തറയോടെ മുന്നോട്ടു പോകാൻ ഇൻഷുറൻസ് സഹായിക്കുന്നു. ദീർഘകാല ജീവിതലക്ഷ്യങ്ങൾ നിറവേറ്റാൻ ഇൻഷുറൻസ് പല വിധത്തിൽ ഉപകാരപ്പെടുന്നു.
സമ്പാദ്യം നിർബന്ധമാക്കുന്നു:

ആസുത്രണത്തിന്റെ കാര്യത്തിലെ പ്രധാന സംഗതി പരമാവധി നേരത്തേ ആരംഭിക്കുക എന്നതാണ്. കുറഞ്ഞ പ്രീമിയത്തിന് കൂടുതൽ ആദായം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. നേരത്തെ തുടങ്ങാനാവുമെങ്കിൽ എൻഡോവ്‌മെന്റ് പ്ലാനുകളും മണി ബാക്ക് പ്ലാനുകളും മികച്ച മാർഗങ്ങളാണ്. ഉറപ്പായ ആദായവും മോശമല്ലാത്ത ലൈഫ് കവറുമാണ് ഇത്തരം പ്ലാനുകളെ ആകർഷകമാക്കുന്നത്.

ആദായം ലഭിക്കുന്നിടത്ത് നിക്ഷേപിക്കുക:

നിക്ഷേപത്തിന്റെ വളർച്ചയാണ് പ്രധാന ലക്ഷ്യമെങ്കിൽ യുലിപ് പ്ലാനുകൾ പരിഗണിക്കാം. ഫ്‌ളെക്‌സിബ്ൾ ആയ നിക്ഷേപ ഉപാധിയെന്ന നിലയിലാണ് യുലിപ് പ്ലാനുകൾ ആകർഷകമാവുന്നത്. നഷ്ടസാധ്യത താങ്ങാനുള്ള ഓരോരുത്തരുടേയും കഴിവിനും കാഴ്ചപ്പാടിനുമനുസരിച്ച് വ്യത്യസ്തങ്ങളായ യുലിപ് പ്ലാനുകൾ തെരഞ്ഞെടുക്കാം. പ്രീമിയം അപ്പോയ്ന്റ്‌മെന്റ്, ഫണ്ട് സ്വിച്ച് ഓപ്ഷൻ എന്നീ ഓപ്ഷനുകൾ തെരഞ്ഞെടുക്കുന്നതിലൂടെ ചാഞ്ചാടുന്ന വിപണിയിലൂടെ മുന്നോട്ടു നീങ്ങാനും യുലിപ് പ്ലാനുകൾ അവസരമൊരുക്കുന്നു.

അൺലിമിറ്റഡായ ഫണ്ട് സ്വിച്ച് ഓപ്ഷനുകൾ സ്വീകരിക്കുമ്പോൾ ഡെറ്റ് ഫണ്ടുകളിലേയും ഓഹരി ഫണ്ടുകളിലേയും നിക്ഷേപ അനുപാതങ്ങൾ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റാനും അതുവഴി നിക്ഷേപശേഖരം ബാലൻസ് ചെയ്യാനും സാധിക്കും. എന്നാൽ സംരക്ഷണം, ഒപ്പം വിപണിയോട് ബന്ധപ്പെട്ടുള്ള വളർച്ചാ അവസരം – ഈ ഇരട്ടമികവുകളാണ് യുലിപ് സ്‌കീമുകളുടെ ഏറ്റവും പ്രധാന ആകർഷണം.
സമ്പത്ത് സംരക്ഷിക്കാം: അകാലമരണം, അപകടം മൂലമുള്ള അംഗവൈകല്യം സംഭവിക്കൽ തുടങ്ങിയ നിർഭാഗ്യ അവസരങ്ങളിൽ നിങ്ങളുടെ സമ്പത്ത് സംരക്ഷിക്കാൻ ഇൻഷുറൻസ് സഹായിക്കുന്നു. ടേം പ്ലാനുകൾ, വെയ്‌വർ ഓഫ് പ്രീമിയം അല്ലെങ്കിൽ ആക്‌സിലറേറ്റഡ് ക്രിട്ടിക്കൽ ഇൽനെസ് (എസിഐ) എന്നി ഓപ്ഷനുകൾ തെരഞ്ഞെടുത്തുകൊണ്ട് ഇത് ഉറപ്പുവരുത്താം.

ടേം പ്ലാനുണ്ടെങ്കിൽ ഇൻഷുർ ചെയ്ത ആളുടെ മരണസമയത്ത് മുഴുവൻ തുകയും ലഭിക്കും. അതേസമയം പ്രീമിയം പ്രൊട്ടെക്റ്റ് തുടങ്ങിയ റൈഡറുകൾ എടുത്താൽ പൂർണ തുക ലഭിക്കുന്നതോടൊപ്പം തന്നെ ബാക്കിയുള്ള പോളിസി കാലാവധിയിൽ പ്രീമിയം അടയ്ക്കുന്നതിൽ നിന്ന് ഇൻഷുർ ചെയ്ത ആളുടെ കുടുംബാംഗങ്ങൾ മോചിതമാവുകയും ചെയ്യും. മരണം, സ്ഥിരമായ അംഗവൈകല്യം എന്നീ അവസ്ഥകളിൽ ഈ സൗകര്യം ഉപയോഗപ്പെടുത്താനാവും. എന്നാൽ ഗുരുതരമായ ഒരു രോഗം ബാധിച്ചാലും എസിഐ റൈഡർ എടുത്തിട്ടുണ്ടെങ്കിൽ ഈ സൗകര്യം ലഭ്യമാകും. അത്തരം സന്ദർഭത്തിൽ ലൈഫ് കവർ നീട്ടിക്കിട്ടാനും സൗകര്യമുണ്ടാകും. അടിസ്ഥാന പ്ലാനിനൊപ്പം ചെറിയ തുകകൾ അധികം നൽകിയാൽ ഇത്തരം ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്ന സവിശേഷതകളാണ് റൈഡറുകൾ.

ഈ റൈഡറുകൾക്കു പുറമേ, ജീവിതഘട്ടങ്ങൾക്കനുസരിച്ച് മാറുന്ന ഉത്തരവാദിത്തങ്ങൾ, നാണ്യപ്പെരുപ്പം എന്നിവ കണക്കിലെടുക്കുന്ന ഓപ്ഷനുകളും ടേം പ്ലാനുകളിൽ ലഭ്യമാണ്. കുടുംബനാഥന് മരണം സംഭിവിച്ചാൽ കുടുംബത്തിന്റെ മേൽ പതിക്കുന്ന വായ്പാ ബാധ്യതകൾ തുടങ്ങിയവ ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള ഓപ്ഷനുകൾ ലഭ്യമാണ്.

ഒരാൾ മരിച്ചാൽ തുക ലഭിക്കുന്ന സംവിധാനം എന്ന നിലയിൽ നിന്ന് ഒട്ടേറെ ജീവിതലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്ന സൗകര്യം എന്ന നിലയിലേയ്ക്ക്് ലൈഫ് ഇൻഷുറൻസ് വളർന്നു വികസിച്ചു. അടുത്ത തവണ നിങ്ങളുടെ പണം ബുദ്ധിപൂർവം നിക്ഷേപിക്കുന്നതിനെപ്പറ്റി ആലോചിക്കുമ്പോൾ അതുകൊണ്ടു തന്നെ ലൈഫ് ഇൻഷുറൻസിനെ അക്കൂട്ടത്തിൽ പരിഗണിക്കുന്നത് വളരെ നല്ല ഐഡിയയായിരിക്കും.

സാജു ഫിലിപ്പ്
(ലേഖകൻ ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസിന്റെ കേരള റീജണൽ മാനേജരാണ്)