ഐസിഐസിഐ ലൊംബാർഡ് ഹെൽത്ത് അഡൈ്വസർ പുറത്തിറക്കി

Posted on: April 1, 2016

ICICI-Lombard-Healthadvisor

കൊച്ചി : ആരോഗ്യ സംരക്ഷണം, ചികിത്സ തുടങ്ങിയവ സംബന്ധിച്ചു തീരുമാനമെടുക്കുവാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്ന ഹെൽത്ത് അഡൈ്വസർ വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോം ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് പുറത്തിറക്കി. മികച്ച ചികിത്സ നല്കുന്ന ആശുപത്രികൾ, ഡോക്ടർമാർ തുടങ്ങിയ വിവരങ്ങൾ ലഭ്യമാക്കുകയും അതുവഴി ഉപഭോക്താക്കൾക്കു ശരിയായ തീരുമാനം എടുക്കുവാനും സഹായിക്കുന്ന വിധത്തിലാണ് ഹെൽത്ത്‌കെയർ അഡൈ്വസറിന് രൂപം നൽകിയിട്ടുള്ളത്.

രാജ്യത്തെ ആയിരത്തോളം ആശുപത്രികളിൽ ലഭിക്കുന്ന ചികിത്സാവിവരങ്ങളും അതിനോടുള്ള ഉപഭോക്താക്കളുടെ യാഥാർഥ അനുഭവവും അടിസ്ഥാനമാക്കിയാണ് ഹെൽത്ത് അഡൈ്വസർ പ്ലാറ്റ്‌ഫോം തയാറാക്കിയിട്ടുള്ളത്. പത്തു പ്രധാന നഗരങ്ങളിലെ ആശുപത്രികളിൽ മുപ്പതിനം രോഗങ്ങളുടെ ചികിത്സയ്ക്കു വരുന്ന ചെലവുകൾ സംബന്ധിച്ചുള്ള 750-ലധികം ലിസ്റ്റിംഗ് പോർട്ടലിൽ നല്കിയിട്ടുണ്ട്.

അപ്പെൻഡിക്‌സ്, ഹെർണിയ, പൈൽസ്, ബൈപാസ് സർജറി, കാറ്ററാക്ട് സർജറി, മുട്ടു മാറ്റിക്കൽ ശസ്ത്രക്രിയ തുടങ്ങിയ രോഗങ്ങളുടെ ചികിത്സാച്ചെലവുകൾ ഇതിൽ നല്കിയിട്ടുണ്ട്. www.healthadvisor. icicilombard.com എന്ന വെബ്‌സൈറ്റിൽനിന്നു ഏതൊരാൾക്കും ചികിത്സ, ആശുപത്രി തുടങ്ങിയവയുമായുള്ള വിവരങ്ങൾ ശേഖരിക്കാം. പ്രത്യേക രോഗത്തിനു വിവിധ ആശുപത്രികൾ നൽകുന്ന ചികിത്സയുടെ ചെലവ്, ചികിത്സയുടെ ഗുണമേന്മ, അടിസ്ഥാനസൗകര്യങ്ങൾ, മുറി, മറ്റു ചെലവുകൾ, ഉപഭോക്താക്കൾ നല്കിയിട്ടുള്ള പ്രതികരണം, ഇവ അടിസ്ഥാനമാക്കിയുള്ള റേറ്റിംഗ് തുടങ്ങിയവ ഹെൽത്ത് അഡൈ്വസറിൽ ലഭ്യമാക്കിയിട്ടുണ്ട്.

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസുമായി ചേർന്നാണ് ഐസിഐസിഐ ലൊംബാർഡ് ആശുപത്രികളുടെ മേന്മ നിലവാരം തയാറാക്കിയിട്ടുള്ളത്.