കോർപറേറ്റ് സ്ഥാപനങ്ങളുടെ ഇൻഷ്വറൻസ് പോളിസി വിൽപ്പന തടയണമെന്ന് ഇൻഷുറൻസ് ഏജന്റുമാർ

Posted on: October 21, 2015

P-C-George-&-Eby-J-Jose-Big

കോട്ടയം : വർക്ക്‌ഷോപ്പുകളുള്ള കോർപറേറ്റ് സ്ഥാപനങ്ങൾ വാഹന ഇൻഷുറൻസ് പോളിസികൾ വിൽക്കുന്നത് തടയണമെന്ന് കേരളാ ഇൻഷ്വറൻസ് അഡൈ്വസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. വിവിധ ഓഫറുകൾ വാഗ്ദാനം ചെയ്തു വ്യാപകമായി വാഹന ഇൻഷ്വറൻസ് പോളിസികൾ വ്യാപകമായി വിറ്റഴിക്കുകയാണ്. വർക്ക്‌ഷോപ്പുകൾ നടത്തുന്നവർ തന്നെ പോളിസി വിൽക്കുന്നത് ദുരുപയോഗമാണെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടി.

ഇൻഷ്വറൻസ് കമ്പനികളിലെ ചിലരുടെ ഒത്താശയും ഇതിനു പിന്നിലുണ്ടെന്നും ഫെഡറേഷൻ ആരോപിച്ചു. ഇൻഷ്വറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേരെ ദോഷകരമായി ബാധിക്കുന്ന കോർപ്പറേറ്റുകളുടെ പോളിസി വിൽപ്പനയ്‌ക്കെതിരെ ഇൻഷ്വറൻസ് റെഗുലേറ്ററി അഥോറിട്ടി ആൻഡ് ഡെവലപ്‌മെന്റ് ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകാനും തീരുമാനിച്ചു.

കോർപറേറ്റ് സ്ഥാപനങ്ങൾ ഇൻഷ്വറൻസ് പോളിസി വിൽക്കുന്നതുമായി ബന്ധപ്പെട്ടു നടത്തുന്ന കള്ളക്കളികൾ അന്വേഷണ വിധേയമാക്കണം. ഏജന്റുമാർ വിൽക്കുന്ന പോളിസികൾക്ക് ക്ലെയിമുകൾ കുറഞ്ഞ തുക അനുവദിക്കുമ്പോൾ കോർപ്പറേറ്റ് പോളിസികൾക്ക് ഈ കുറവ് ഉണ്ടാകുന്നില്ല. ഇൻഷ്വറൻസ് സർവ്വേയർമാരും ഇതിൽ പങ്കാളികളാണ്. പോളിസിയിലെ വ്യവസ്ഥകൾ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായി പി.സി. ജോർജ്ജ് എംഎൽഎ (പ്രസിഡന്റ്), എബി ജെ. ജോസ് (ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ജയിസൺ ജോസ് (വൈസ് പ്രസിഡന്റ്), ടിജോ ഐസക് (ട്രഷറർ), വി.ടി. വിദ്യാധരൻ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.