ഐസിഐസിഐ ലൊംബാർഡ് ഉത്പന്നങ്ങൾ സി എസ് ബി ശാഖകൾ വഴി

Posted on: September 3, 2015

ICICI-Lombard-General-Insur

കൊച്ചി : ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി, കാത്തലിക് സിറിയൻ ബാങ്കുമായി വിപണനധാരണ. കാത്തലിക് സിറിയൻ ബാങ്കിന്റെ കേരളം, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങിളിലെ ബാങ്കിന്റെ ഇടപാടുകാർക്കു ഐസിഐസിഐ ലൊംബാർഡിന്റെ ജനറൽ ഇൻഷുറൻസ് ഉത്പന്നങ്ങൾ ബാങ്കിന്റെ ശാഖകൾ വഴി ലഭ്യമാക്കും.

ദക്ഷിണേന്ത്യയിലും പടിഞ്ഞാറൻ ഇന്ത്യയിലും നല്ല സാന്നിധ്യമുള്ള കാത്തലിക് സിറിയൻ ബാങ്കിന് രാജ്യമൊട്ടാകെ 431 ശാഖകളും 16.1 ലക്ഷം ഇടപാടുകാരുമുണ്ട്. തൊണ്ണൂറ്റി നാലു വർഷത്തെ ബാങ്കിംഗ് പാരമ്പര്യമുള്ള കാത്തിലിക് സിറിയൻ ബാങ്കിന് രാജ്യത്തെ 15 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലും ശാഖകളുണ്ട്. റീട്ടെയിൽ ഇടപാടുകാർക്കു പുറമേ വിദേശ ഇന്ത്യക്കാർ, ചെറുകിട ഇടത്തരം സ്ഥാപനങ്ങൾ എന്നീ മേഖലകളിലാണ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുളളത്.

റീട്ടെയിൽ, കോർപറേറ്റ് മേഖലകൾക്കാവശ്യമായ വൈവിധ്യമാർന്ന ബിസിനസ്, മോട്ടോർ, ഹെൽത്ത്, ജനറൽ ഇൻഷുറൻസ് ഉത്പന്നങ്ങൾ കാത്തലിക് സിറിയൻ ബാങ്കിന്റെ ഇടപാടുകാരുടെ ആവശ്യം കണക്കിലെടുത്തു ലഭ്യമാക്കിയിട്ടുണ്ടെന്ന് ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഭാർഗവ ദാസ്ഗുപ്ത പറഞ്ഞു.

ഐസിഐസിഐ ലൊംബാർഡുമായി സഹകരിച്ചു ലഭ്യമാക്കുന്ന ഇൻഷുറൻസ് ഉത്പന്നങ്ങൾ തങ്ങളുടെ ഇടപാടുകാർക്കു വളരെയധികം പ്രയോജനം ചെയ്യുമെന്നു കാത്തലിക് സിറിയൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആനന്ദ് കൃഷ്ണമൂർത്തി പറഞ്ഞു.