എൽ ആൻഡ് ടി ജനറൽ ഇൻഷുറൻസ് 25 പുതിയ ശാഖകൾ തുറക്കുന്നു

Posted on: August 23, 2015

L&T--Insurance-Big

കൊച്ചി : എൽ ആൻഡ് ടി ജനറൽ ഇൻഷുറൻസ് നടപ്പുവർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 25 പുതിയ ശാഖകൾ തുറക്കുമെന്ന് കമ്പനി ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ജി.സി. രംഗൻ അറിയിച്ചു. കമ്പനിക്ക് ഇപ്പോൾ 15 ശാഖകളാണുളളത്. ഇതിനു പുറമേ രാജ്യത്തെ 80 സ്ഥലങ്ങളിലേക്കു സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്യും. കൂടാതെ എൽ ആൻഡ് ടി ഫിനാൻസിന്റെ 200 ശാഖകളിൽ കൂടി ജനറൽ ഇൻഷുറൻസ് വില്പന ശക്തിപ്പെടുത്തുകയും ചെയ്യും.

2017-18-ൽ 1000 കോടി രൂപയുടെ പുതിയ പ്രീമിയം നേടുവാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മികച്ച വളർച്ചയ്ക്കു വേണ്ടിയാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ വികസന പരിപാടികൾ നടപ്പാക്കി വരുന്നത്. കൂടാതെ റിസ്‌ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നിലവിലുളള മോട്ടോർ വിഭാഗത്തിൽ ശക്തമായ വളർച്ച ലക്ഷ്യമിടുന്നു. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി റീട്ടെയ്ൽ ഹെൽത്ത്, വാണിജ്യം എന്നീ മേഖലകളിൽ സാന്നിധ്യം ശക്തമാക്കും.

നടപ്പുവർഷത്തെ ബിസിനസ് തന്ത്രത്തിന്റെ ഭാഗമായി ബാങ്കഷ്വറൻസ് ചാനൽ ഉപയോഗപ്പെടുത്തും. ഇതു വഴി കൂടുതൽ ഇടപാടുകാരുടെ അടുത്ത് എത്തുവാൻ കഴിയുമെന്നാണ് വിലയിരുത്തൽ. മാത്രവുമല്ല ഉത്പന്നം വിറ്റഴിക്കുന്നതിനുളള ചാനലുകളുടെ വൈവിധ്യം മെച്ചപ്പെടുകയും ചെയ്യും. നിലവിലുളള ബാങ്കുകളുമായി ടൈ അപ്പ് നിലനിർത്തുന്നിതനൊപ്പം കൂടുതൽ ബാങ്കുകളുമായി ബന്ധമുണ്ടാക്കും. കോ-ഓപ്പറേറ്റീവു ബാങ്കുകളുമായി ടൈ അപ്പ് ഉണ്ടാക്കുന്നതിന്റെ സാധ്യതകളും അവസരങ്ങളും കമ്പനി പരിശോധിച്ചു വരികയാണ്.