ഓൺലൈൻ ഇൻഷുറൻസിന് പ്രിയം കൂടുന്നു

Posted on: May 14, 2015

ICICI-Lombard-General-Insur

കൊച്ചി: ഓൺലൈനിൽ ലൈഫ് ഇതര ഇൻഷുറൻസ് ഉത്പന്നങ്ങൾ വാങ്ങുന്നവരുടെ എണ്ണം രാജ്യമെമ്പാടും ഉയരുകയാണ്. മോട്ടോർ ഇൻഷുറൻസിലാണ് ഈ പ്രവണത കൂടുതൽ. 24 ശതമാനം ആളുകൾ ഓൺലൈനിലാണ് മോട്ടാർ ഇൻഷുറൻസ് വാങ്ങുന്നത്. ആരോഗ്യ ഇൻഷുറൻസിൽ ഇത് 12 ശതമാനമാണ്.

ഗൂഗിൾ ഇന്ത്യയും ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസും രാജ്യത്തെ 18 നഗരങ്ങളിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. ഈ നഗരങ്ങളിലെ 25-55 വയസിനിടയിൽ പ്രായമുളളവരും സ്ഥിരമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുമായ 3007 ആളുകളുടെ ഇടയിലാണ് സർവേ നടത്തിയിട്ടുളളത്.

ഓൺലൈനിൽ ഏറ്റവുമധികം ലൈഫ് ഇതര ഇൻഷുറൻസ് വാങ്ങുന്നത് 25-35 വയസിനിടയിലുളള ഇന്റർനെറ്റ് ഉപയോക്താക്കളാണ്. മോട്ടോർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നതിൽ എല്ലാ പ്രായത്തിലുളളവരും സജീവമാണ്. ഏറ്റവും സൗകര്യപ്രദമെന്നാണ് സർവേയിൽ പങ്കെടുത്ത 80 ശതമാനം പേരും ഓൺലൈൻ വാങ്ങലിനെ വിശേഷിപ്പിക്കുന്നത്.

ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നതിനും പുതുക്കുന്നതിനും ഓൺലൈൻ സൗകര്യം കൂടുതൽ ഉപയോഗിക്കുന്നത് മെട്രോയ്ക്കു പുറത്തുളളവരാണ്. പതിനഞ്ചു ശതമാനം വരുമിത്. മെട്രോയ്ക്കുളളിലുളള 8 ശതമാനം പേരാണ് ഓൺലൈൻ സൗകര്യം ഉപയോഗിക്കുന്നത്. മോട്ടോർ ഇൻഷുറൻസിൽ ഇത് യഥാക്രമം 25 ശതമാനവും 22 ശതമാനവും വീതമാണ്.

ഓൺലൈനിൽ മോട്ടോർ ഇൻഷുറൻസ് വാങ്ങുന്നവരിൽ 25 ശതമാനവും 25-35 വയസുകാരാണ്. ഇരുപതു ശതമാനം പേർ 36-45 പ്രായത്തിലുളളവരും 26 ശതമാനം 46-55 പ്രായത്തിലുളളവരുമാണ്.

പതിനഞ്ചു ശതമാനം പേരാണ് ഓൺലൈൻ ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുകയോ പുതുക്കുകയോ ചെയ്യുന്നത്. പന്ത്രണ്ടു ശതമാനം പേർ 36-45 വയസിനിടയിലുളളവരും 8 ശതമാനം പേർ 46-55 വയസിനിടയിലുളളവരുമാണ്. ആദ്യമായി അതു വാങ്ങുന്നവരാണ്.

ആരോഗ്യ, മോട്ടോർ പോളിസികൾ വാങ്ങുന്നതിൽ 88 ശതമാനത്തേയും സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകം ബ്രാൻഡ് ആണ്. അതായത് കമ്പനിയുടെ വിശ്വാസ്യതയാണ് വാങ്ങലിനെ സ്വാധീനിക്കുന്ന മുഖ്യഘടകം. മറ്റുളളവരുടെ അഭിപ്രായം കണക്കിലെടുത്താണ് 67 ശതമാനത്തിന്റെ വാങ്ങൽ തീരുമാനം.