കേരളത്തിനാവശ്യം സുസ്ഥിരവും സാമൂഹ്യപ്രതിബദ്ധതയുമുള്ള നിർമാണ രീതി : ശശി തരൂർ

Posted on: November 25, 2018

ക്രെഡായ് കേരള ദ്വിദിന സംസ്ഥാന സമ്മേളനം ഡോ. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യുന്നു. എസ്. കൃഷ്ണകുമാർ, എം. വി ആൻറണി, ജാക്സെ ഷാ, രമേശ് നായർ, ശിവ റെഡി എന്നിവർ സമീപം.

കൊച്ചി : കേരളത്തിലെ സാഹചര്യങ്ങൾക്ക് ഇണങ്ങുന്നത് സുസ്ഥിരവും സാമൂഹ്യപ്രതിബദ്ധതയോടെയുമുള്ള നിർമാണ രീതികളാണെന്ന് ഡോ. ശശി തരൂർ എംപി. ക്രെഡായ് കേരള ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

വനനശീകരണവും അനധികൃത നിർമാണവും കേരളത്തിലെ പ്രധാന തിരിച്ചടികളാണ്. പരിസ്ഥിതിയെ നശിപ്പിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾ തുടരുന്നിടത്തോളം കേരളത്തിന് സുസ്ഥിര വികസനം സാധ്യമാകില്ല. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ അത് നേരിടാൻ തക്ക വൈദഗ്ധ്യത്തോടെയുള്ള നിർമാണ രീതികളാണ് വേണ്ടത്. അതിനു ക്രെഡായ് പോലെയുള്ള സംഘടനകളുടെ സഹായം സർക്കാരും ഏജൻസികളും പ്രയോജനപ്പെടുത്തണം. നിർമാണ പ്രവർത്തനങ്ങളിൽ ലാഭം, ഭൂമി, ജനം എന്നിവ നിർണായക ഘടകങ്ങളാണ്. ഇവ സാമൂഹ്യ പ്രതിബദ്ധതയോടെ സമീപിക്കേണ്ട ഘടകങ്ങൾ തന്നെയാണെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി.

വിദേശരാജ്യങ്ങളിൽ പരീക്ഷിച്ചു വിജയിച്ച പ്രീ ഫാബ് നിർമാണ രീതികളും ലളിതവും ഈടുനിൽക്കുന്നതുമായ കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള നവീന സാങ്കേതിക വിദ്യകളും അവ നടപ്പാക്കാനുള്ള തീരുമാനങ്ങളുമാണ് കേരളത്തിൽ ഉണ്ടാവേണ്ടത്. പാരിസ്ഥിതികാഘാതങ്ങൾ കുറയ്ക്കാൻ ഇത്തരം നിർമാണ രീതി സഹായിക്കും. പ്രളയം ഉണ്ടായപ്പോൾ ആദ്യം നമ്മുടെ മനസിലേക്ക് വന്നത് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടാണ്.

പ്രളയശേഷമുള്ള കേരളത്തിൻറെ പുനർനിർമാണത്തിന് അനുകരിക്കാൻ കഴിയുന്ന ഏറ്റവും നല്ല മാതൃകയാണ് ഗുജറാത്ത്. ശക്തമായ ഭൂകമ്പത്തിന് ശേഷം ഗുജറാത്ത് സ്വീകരിച്ച മാർഗം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഗുജറാത്തിൽ നിന്ന് കേരളത്തിന് ഏറെ പാഠങ്ങൾ പഠിക്കുവാനുണ്ട്. അതിജീവനത്തിനായി ഗുജറാത്ത് സ്വീകരിച്ച നടപടികൾ കേരളത്തിനും അനുകരിക്കാവുന്നതാണെന്ന് തരൂർ പറഞ്ഞു. ദുരന്തങ്ങൾ നേരിടാൻ കഴിയുന്ന തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളിലേക്കും കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കണം.

കറൻസി നിരോധനം നിർമാണമേഖലയെയും സാരമായി ബാധിച്ചു. ഇത് മൂലമുണ്ടായ തൊഴിൽ നഷ്ടം കണക്ക് കൂട്ടാൻ കഴിയാത്തതാണ്. ആഗോളവത്കരണത്തിനെതിരായ വികാരം ലോകവ്യാപകമായി ഉയർന്നു വരുന്നത് കാണാതിരിക്കാൻ ഇന്ത്യക്ക് കഴിയില്ല. ഉപഭോക്താവിൻറെ ആവശ്യങ്ങൾ നിറവേറ്റാൻ നിർമിത ബുദ്ധിയും നവീന സാങ്കേതിക വിദ്യകളും പരമാവധി പ്രയോജനപ്പെടുത്തണം. പ്രാപ്യമായ ഭവനങ്ങൾക്ക് (അഫോഡബിൾ ഹൗസ്) കേരളത്തിൽ ആവശ്യക്കാർ ഏറെയുണ്ട്. അത്തരം ഭവനങ്ങൾക്ക് കൊടുത്താൽ പ്രാധാന്യം നൽകണം. സർക്കാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. കേരളത്തിലെ സാഹചര്യങ്ങൾ അനുസരിച്ചുള്ള നിർമാണ രീതികൾ വ്യാപകമാക്കാൻ സർക്കാരും ക്രെഡായിയും അടക്കമുള്ളവർ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.

ക്രെഡായ് ദേശീയ പ്രസിഡന്റ് ജാക്സെ ഷാ, ക്രെഡായ് കേരള ചെയർമാൻ ഡോ. നജീബ് സക്കറിയ, സെക്രട്ടറി ജനറൽ കൃഷ്ണകുമാർ, കോൺഫറൻസ് ചെയർമാൻ എം. വി ആൻറണി, ദക്ഷിണേന്ത്യൻ ഉപാധ്യക്ഷൻ ശിവ റെഡി, ജെ എൽ എൽ ഇന്ത്യ സിഇഒ യും കൺട്രി ഹെഡുമായ രമേശ് നായർ എന്നിവർ പങ്കെടുത്തു. ക്രെഡായിയുമായി ചേർന്ന് ജെ എൽ എൽ തയാറാക്കിയ പഠന റിപ്പോർട്ട് ശശി തരൂർ പുറത്തിറക്കി. തിരുവനന്തപുരം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട് ചാപ്റ്ററുകളിൽ നിന്നായി മുന്നൂറ് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

TAGS: Credai |