ഐ. ടി. അടിസ്ഥാനസൗകര്യ വികസനത്തിന് ലുലു ഗ്രൂപ്പ് 2,400 കോടി മുതല്‍മുടക്കുന്നു

Posted on: November 9, 2018

കൊച്ചി : പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് കേരളത്തില്‍ ഐ.ടി അടിസ്ഥാനസൗകര്യ രംഗത്ത് 2,400 കോടി രൂപയുടെ നിക്ഷേപം നടത്തും. രണ്ടു വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഐ.ടി അടിസ്ഥാനസൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി. കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ ട്വിന്‍ ടവര്‍ ഉള്‍പ്പെടെയാണ് ഇത്.

കാക്കനാട്ട് ഇന്‍ഫോപാര്‍ക്കില്‍ പണി പൂര്‍ത്തിയാക്കിയ ലുലു സൈബര്‍ ടവര്‍ 2- ന്റെ ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്ര ഐ.ടി മന്ത്രി എസ്.എസ് അലുവാലിയ അധ്യക്ഷത വഹിക്കും.

ലുലു സൈബര്‍ ടവര്‍ 1-ന് തൊട്ടടുത്തായാണ് 20 നിലകളായുള്ള പുതിയ ടവര്‍ സജ്ജമാക്കിയിരിക്കുന്നത്. 11,000- ത്തോളം ഐ.ടി പ്രൊഫഷണലുകള്‍ക്ക് തൊഴിലൊരുക്കുന്ന ഇടമായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് അമേരിക്കന്‍ കമ്പനികള്‍ ഉള്‍പ്പെടെ ഒട്ടേറെ കമ്പനികള്‍ ഇവിടെ ഐ.ടി കേന്ദ്രം തുടങ്ങാന്‍ സന്നദ്ധമായി മുന്നോട്ട് വന്നിട്ടുണ്ട്.മൊത്തം 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള പുതിയ ഐ.ടി. മന്ദിരം അത്യാധുനിക നിലവാരത്തിലുള്ളതാണ് എട്ടു നിലകള്‍ പൂര്‍ണമായി കാര്‍ പാര്‍ക്കാങ്ങിനായി നീക്കിവെച്ചിട്ടുണ്ട്.1,400 കാറുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാം.

11 നിലകളിലായി ഒമ്പതു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പ്രീമിയം നിലവാരത്തിലുള്ള വര്‍ക്ക് സ്‌പേസ്. ഓരോ നിലയിലും 84,000 ചതുരശ്രയടി.

ആഗോളകമ്പനികള്‍ക്ക് ഏകോപിതമായി ജോലി ചെയ്യാന്‍ കഴിയുന്ന ബിസിനസ് സൗഹൃദ അന്തരീക്ഷമാണ് സൈബര്‍ ടവറില്‍ ഒരുക്കിയിരിക്കുന്നത്. 900 സാറ്റുകളുള്ള ഫുഡ് കോര്‍ട്ട്, ബാങ്ക് ശാഖകള്‍, ഹെല്‍ത്ത് ക്ലബ്ബ്, യോഗ- മെഡിറ്റേഷന്‍ സെന്റര്‍, ഹാളുകള്‍ എന്നിവയും ലുലു സൈബര്‍ ടവര്‍-2-വില്‍ ഒരുക്കിയിട്ടുണ്ട്‌