എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

Posted on: October 1, 2018

കൊച്ചി : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ അത്യാധുനിക സൗകര്യങ്ങളോടു
കൂടിയ എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍സ് (ഇ.ആര്‍.വി) പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ ഓയില്‍ കേരള സംസ്ഥാന തലവനും ചീഫ് ജനറല്‍ മാനേജരുമായ പി.എസ് മണിയുടെ സാന്നിധ്യത്തില്‍, സേഫ്ടി കൗണ്‍സില്‍ ഹെല്‍ത്ത്, സേഫ്ടി, എന്‍വയണ്‍മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി.എസ് ഗിരിധര്‍, ഇ.ആര്‍.വി ഫ്‌ളാഗ് ഓഫ് ചെയ്തു.

പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് പരമ പ്രാധാന്യം നല്‍കുക എന്ന പ്രതിബദ്ധതയാണ് രാജ്യത്തെ ഏറ്റവും വലിയ എണ്ണ കമ്പനി നിറവേറ്റിയത്. ഇന്ത്യന്‍ ഓയിലിന്റെ പുതിയ ഇ ആര്‍ വിയ്ക്ക് ഓരോന്നിനും രണ്ടുകോടി രൂപയിലേറെയാണ് വില. എല്ലാ അത്യാധുനിക സംവിധാനങ്ങളും ഇതിലുണ്ട് എല്‍പിജി, പിഒഎല്‍ ടാങ്ക്, ട്രക്ക് അപകടങ്ങള്‍ നേരിടാന്‍ സുസജ്ജമാണ് ഇവ.

ഡിജിസെറ്റ്, ഐസ് ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള, ജല സംഭരണി കൂടിയായ ഒരു കിലോ സ്റ്റെയിന്‍ലസ് സ്റ്റീല്‍ ടാങ്ക്, ഉയര്‍ത്താനും വലിച്ചു നീക്കാനുമുള്ള സംവിധാനം ടെലിമാസ്റ്റ് ലൈറ്റിങ്ങ്, സ്മാര്‍ട്ട് ഹോസുകള്‍, ഇആര്‍വി ട്രക്കിംഗിനുള്ള ജിപിഎസ്, റസ്‌ക്യു ടീമിലെ അഞ്ചുപേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള പ്രത്യേക കാബിന്‍ ക്രൂ സംവിധാനം, സ്പാര്‍ക്കിംഗ് ഉണ്ടാക്കാത്ത ടൂള്‍സ്, താപം കുറഞ്ഞ സ്യൂട്ട് (മൈനസ് 40 ഡിഗ്രി) വാട്ടര്‍ ജെല്‍ ബ്ലാങ്കറ്റ്, വായുശ്വസനോപകരണം എന്നീ ഘടകങ്ങള്‍ മുന്‍പൊരിക്കലും കാണാത്തവയാണ്.

എണ്ണ കമ്പനികളും സംസ്ഥാന ഭരണകൂടവും നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം, എല്‍പിജി അപകടം ഉണ്ടാകുമ്പോള്‍ സൈറ്റില്‍ നിന്നും വിവരം അറിയിക്കാനുള്ള നിസ്സഹായാവസ്ഥയാണ് സാധാരണ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍, അത് അഗ്നിബാധയ്ക്കു കാരണമാകും. പുതിയ ഇആര്‍വിയിലെ അതീവ സുരക്ഷിതമായ മൊബൈല്‍ ഫോണ്‍ അപകട സ്ഥലത്ത് ഉപയോഗിക്കാന്‍ കഴിയും.

കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ സംസ്ഥാനം, എല്‍പിജി ബുള്ളറ്റ് അപകടങ്ങള്‍ക്കും പെട്രോള്‍, ഡീസല്‍ ടാങ്ക് ട്രക്ക് അപകടങ്ങള്‍ക്കും സാക്ഷ്യം വഹിക്കുകയുണ്ടായി. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് വാഹനങ്ങള്‍ എത്തിക്കാനുള്ള കാലതാമസമാണ് എണ്ണ കമ്പനികള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം.

കേരളത്തിലെ എണ്ണ കമ്പനികള്‍ക്ക് പൊതുവായി മൂന്നു ഇആര്‍വി കളാണുള്ളത്.കോഴിക്കോട് ബോട്ട്‌ലിങ്ങ് പ്ലാന്റില്‍ ഐഒസി-ക്ക് സ്വന്തമായി ഒരു ഇആര്‍വി ഉണ്ട്. എച്ച്പിസിക്ക് കൊച്ചിയിലും ബിപിസിക്ക് കഴക്കൂട്ടത്തും ഓരോ ഇആര്‍വി വീതം ഉണ്ട്.

TAGS: Indian Oil |