നൈപുണ്യ വികസനത്തിനായി സങ്കൽപ്പ്, സ്‌ട്രൈവ് പദ്ധതികൾ

Posted on: October 16, 2017

കൊച്ചി : രാജ്യത്തെ നൈപുണ്യ വികസന പദ്ധതികൾക്ക് ഊർജ്ജം പകരാൻ 6,655 കോടി രൂപ മുതൽമുടക്കി സങ്കൽപ്പ് (Skills Acquisition and Knowledge Awareness for Livelihood Promotion), സ്‌ട്രൈവ് (Skills tSrengthening for Indutsrial Value Enhancement ) പദ്ധതികൾ നടപ്പാക്കും. സങ്കൽപ്പ് പദ്ധതി 4455 കോടി രൂപ ചെലവിലാണ് നടപ്പാക്കുന്നത്. ഇതിൽ 3300 കോടി രൂപ ലോകബാങ്ക് സഹായമായി ലഭിക്കും. സ്‌ട്രൈവ് പദ്ധതിക്ക് 2200 കോടി രൂപയാണ് ചെലവഴിക്കുക. ഇതിൽ പകുതി തുക ലോകബാങ്ക് നൽകും. നൈപുണ്യ പരിശീലനത്തിലൂടെ രാജ്യത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ ഉയർത്തികൊണ്ടുവരാൻ ആണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

രാജ്യത്തെ നൈപുണ്യ വികസനത്തിന് നിരവധി പദ്ധതികളാണ് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം നടപ്പാക്കി വരുന്നത്. ഇതിനായി സ്മാർട്ട് പോർട്ടൽ, കേന്ദ്ര അസസ്‌മെന്റ് ആൻഡ് സർട്ടിഫിക്കേഷൻ സിസ്റ്റം, ഐടിഐകൾക്കായി ഐഎസ്ഒ സർട്ടിഫിക്കേഷൻ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. സങ്കൽപ്പ്, സ്‌ട്രൈവ് പദ്ധതികളിലൂടെ ഈ സംവിധാനങ്ങളുടെ വേഗവും കാര്യമക്ഷമതയും കൂട്ടാനാകും. നൈപുണ്യ വികസനത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകളും സ്വകാര്യ മേഖലയും നടത്തുന്ന ശ്രമങ്ങളെ ഏകോപിപ്പിക്കലും പദ്ധതിയുടെ ലക്ഷ്യമാണ്.

ഏററവും ആധുനികവും തൊഴിൽ സാധ്യത കൂടുതലുള്ളതുമായ കോഴ്‌സുകൾ നൽകുന്ന സ്വകാര്യ ഐടിഐകൾക്ക് കുറഞ്ഞ പലിശയിൽ ബാങ്ക് വായ്പ ലഭ്യമാക്കും. ആഗോള നിലവാരത്തിലേക്ക് നൈപുണ്യ പരിശീലനം നൽകുന്ന അറുപത്തി ആറിലധികം സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങും

സ്വയം പര്യാപതമായ രീതിയിൽ സ്ഥാപനങ്ങളെയും പരീശീലകരെയും ഉയർത്തി കൊണ്ടുവരലാണ് സങ്കൽപ്പ് കൊണ്ട് ഉദേശിക്കുന്നത്. അവശ്യം വേണ്ട മേഖലകളിൽ 50 അക്കാദമികൾ സ്ഥാപിക്കും. തൊഴിൽ നൈപുണ്യത്തിന്റെ വിപണനം ഇന്ത്യ സ്‌കിൽസ് / വേൾഡ് സ്‌കിൽസ് എന്നിവയിലൂടെ സാധ്യമാകുകയും ചെയ്യും.