മോട്ടോർ ഗ്രേഡറുമായി മഹീന്ദ്ര റോഡ് നിർമാണോപകരണ രംഗത്തേക്ക്

Posted on: October 4, 2017

പൂനെ : വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര റോഡ് നിർമാണോപകരണങ്ങളുടെ രംഗത്തേക്ക് കടന്നു. മഹീന്ദ്ര റോഡ് മാസ്റ്റർ ജി 75 എന്ന മോട്ടോർ ഗ്രേഡർ അവതരിപ്പിച്ചുകൊണ്ടാണ് തുടക്കം. പൂനെയിലെ ചക്കാൻ പ്ലാന്റിലാണ് മോട്ടോർ ഗ്രേഡറിന്റെ നിർമാണം. സ്‌പ്രെഡിംഗ്, ഗ്രേഡിംഗ് എന്നിവയ്ക്ക് ഉപയോഗിക്കാനാവും വിധം ഇന്ത്യയിൽ രൂപകല്പന ചെയ്ത് വികസിപ്പിച്ചതാണ് മോട്ടോർ ഗ്രേഡർ എന്ന് മഹീന്ദ്ര ഓട്ടോമൊട്ടീവ് വിഭാഗം പ്രസിഡന്റ് രാജൻ വധേര പറഞ്ഞു.

സംസ്ഥാന-ദേശീയപാതകളുടെ വീതികൂട്ടൽ, ചെറുകിട-ഇടത്തരം റോഡുകളുടെ നിർമാണം എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ കരാറുകാരെ ലക്ഷ്യമിട്ടാണ് ഗ്രേഡർ വികസിപ്പിച്ചിട്ടുള്ളതെന്ന് നിർമാണോപകരണങ്ങളുടെയും ബസ് – ട്രക്ക് വിഭാഗത്തിന്റെയും സിഇഒ വിനോദ് സഹായ് പറഞ്ഞു.

മഹീന്ദ്ര തന്നെ വികസിപ്പിച്ച 79 എച്ച്പി ഡി ഐടെക് എൻജിൻ ആണ് റോഡ് മാസ്റ്റർ 75 ന് കരുത്ത് പകരുന്നത്. ബ്ലേഡിന് മൂന്ന് മീറ്റർ വീതിയുണ്ട്. പരമ്പരാഗത ഉപകരണങ്ങളെ അപേക്ഷിച്ച് 33 ശതമാനം അധികമാണ്  ഗ്രേഡിംഗ് ശേഷി. ഒരു വർഷത്തെ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. പരുക്കൻ സാഹചര്യങ്ങളിൽ 6000 മണിക്കൂർ പരീക്ഷണ ജോലികൾക്ക് ശേഷമാണ് മോട്ടോർ ഗ്രേഡർ വിപണിയിൽ അവതരിപ്പിക്കുന്നത്.