വിശാഖപട്ടണം തുറമുഖത്തിന്റെ ലോഡിംഗ് ശേഷി വർധിപ്പിക്കുന്നു

Posted on: September 27, 2017

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ തുറമുഖമായ വിശാഖപട്ടണം തുറമുഖം എസ്സാർ നവീകരിക്കുന്നു. ഇരുമ്പ് അയിര് കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി 12.5 എംഎംടിപിഎയിൽ നിന്നും 23 എംഎംടിപിഎ ആയി വർധിപ്പിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. 830 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി പൂർത്തിയാകുന്നതോടെ തുറമുഖത്തിന്റെ ലോഡിംഗ് ശേഷി ഒരു മണിക്കൂറിൽ 8000 ടണ്ണായി വർധിക്കും. ഇന്ത്യയിലെ തുറമുഖങ്ങളിൽ ഏറ്റവും ഉയർന്ന ശേഷിയാണിത്.

എസ്സാർ 2015 മെയ് മാസത്തിലാണ് ഡിബിഎഫ്ഒടി വ്യവസ്ഥയിൽ 30 വർഷത്തേക്ക് തുറമുഖം ഏറ്റെടുക്കുന്നത്. അന്നു മുതൽ തുടങ്ങിയ ശ്രമത്തിന്റെ ഫലമായി ഇരുമ്പ് അയിര് ലോഡിംഗ് ശേഷി പ്രതിദിനം 25000 ടണ്ണിൽ നിന്നും 70000 ടണ്ണായി വർധിപ്പിച്ചിട്ടുണ്ട്. തുറമുഖത്തിന്റെ ആധുനികവത്കരണ നടപടികൾ പൂർത്തിയാകുന്നതോടെ ലോഡിംഗ് ശേഷി പ്രതിദിനം 120,000 ആയി ഉയരും. എസ്സാർ വിസാഗ് ലിമിറ്റഡിന്റെ ഇരുമ്പ് അയിര് കൈകാര്യം ചെയ്യുന്ന ടെർമിനൽ ഏത് കാലാവസ്ഥയിലും പ്രവർത്തിപ്പിക്കാം. ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് കൺവേയർ സിസ്റ്റം തുറമുഖത്തിന്റെ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുന്നു.

കാർഗോ ബിസിനസ് 40 ശതമാനം വർധിപ്പിക്കാൻ പുതിയ സംവിധാനം സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് എസ്സാർ പോർട്ട്‌സ് എംഡി രാജീവ് അഗർവാൾ പറഞ്ഞു . കിഴക്കൻ തീരത്തുള്ള കയറ്റുമതിക്കാർക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്ന് അദേഹം അഭിപ്രായപ്പെട്ടു. പുതിയ സാങ്കേതിക വിദ്യയും നവീകരണവും തുറമുഖവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഗുണകരമാകുമെന്ന് എസ്സാർ വിസാഗ് പോർട്ട് സിഇഒ സി.എച്ച് സത്യാനന്ദ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണ നടപടികൾക്കും എസ്സാർ വിസാഗ് ലിമിറ്റഡ് ഏറെ പ്രാധാന്യം നൽകുന്നതായി അദേഹം വ്യക്തമാക്കി