അദാനി പോർട്ട് വിഴിഞ്ഞത്ത് ബെർത്ത് നിർമാണം ആരംഭിച്ചു

Posted on: June 2, 2017

തിരുവനന്തപുരം : അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷൽ ഇക്കണോമിക് സോൺ ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ട്രാൻഷിപ്പ്‌മെന്റ് പദ്ധതിയായ വിഴിഞ്ഞത്ത് ബെർത്ത് നിർമാണം ആരംഭിച്ചു. തുറമുഖ വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷൽ ഇക്‌ണോമിക്‌സോൺ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ കരൺ അദാനി ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ട്രാൻഷിപ്പ്‌മെന്റ് പോർട്ട് ആയി വികസിപ്പിക്കുന്ന വിഴിഞ്ഞത്ത് ഇതുവരെയുണ്ടായ പുരോഗതിയിൽ തങ്ങൾ സംതൃപ്തരാണെന്ന് കരൺ അദാനി പറഞ്ഞു. വിവിധങ്ങളായ ചരക്കു കൈകാര്യം ചെയ്യുന്ന ഈ ആഴക്കടൽ തുറമുഖം വികസിപ്പിക്കുന്നതിൽ കേരളത്തിലെ ജനങ്ങളും കേരള സർക്കാരും നൽകിയ പിന്തുണയിൽ തങ്ങൾക്ക് ആഹ്ലാദമുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ആദ്യത്തെ ആഴക്കടൽ കണ്ടെയ്‌നർ ട്രാൻഷിപ്പ്‌മെന്റ് തുറമുഖമാണിത്. 20.5 മീറ്റർ ആഴമാണ് ഉള്ളത്. 800 മീറ്റർ നീളത്തിലായിരിക്കും ആദ്യ ബെർത്തു നിർമിക്കുക. നിശ്ചിത സമയ ക്രമമനുസരിച്ച് ഈ പദ്ധതി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഭുമി ലഭ്യമാക്കൽ ഉൾപ്പെടെയുള്ളവയിലെ വിജയത്തിന്റെ പശ്ചാത്തലത്തിൽ ഇത് പകുതി വഴിയോളം മുന്നേറിയിട്ടുണ്ട്. നിശ്ചിത സമയമായ നാലു വർഷത്തിനകം തന്നെ ഇതു പൂർത്തിയാക്കാനാവും
സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിനു 16 കിലോമീറ്റർ തെക്കു ഭാഗത്തായാണ് ഈ തുറമുഖം. യൂറോപ്പ്, പേർഷ്യൻ ഗൾഫ്, പൂർവ ദേശം എന്നിവയെ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര കപ്പൽ പാതയോടു ചേർന്നാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്.