വീഗാലാൻഡ് ഡെവലപ്പേഴ്‌സ് കേരളത്തിൽ 300 കോടി നിക്ഷേപിക്കും

Posted on: April 5, 2017

കൊച്ചി : വിഗാർഡ് ഗ്രൂപ്പിന്റെ സഹോദരസ്ഥാപനമായ വീഗാലാൻഡ് ഡെവലപ്പേഴ്‌സ് നടപ്പു സാമ്പത്തികവർഷം കേരളത്തിൽ 300 കോടി രൂപയുടെ നിക്ഷേപം നടത്തും. കൊച്ചിയിൽ മൂന്നു ഭവനപദ്ധതികളാണ് നിർമാണമാരംഭിക്കുന്നതെന്ന് വിഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

നാലു വർഷം മുമ്പ് നിർമാണ മേഖലയിലേക്കു കടന്ന വീഗാലാൻഡ് സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ കെട്ടിട നിർമാണത്തോടുള്ള പ്രതിബദ്ധത സൂചിപ്പിക്കുന്ന പുതിയ ലോഗോ അവതരിപ്പിച്ചു. ഗായകൻ ജി. വേണുഗോപാലാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്. ജി. വേണുഗോപാൽ അഭിനയിച്ച നാലു പരസ്യചിത്രങ്ങളുടെ പ്രകാശനം വീസ്റ്റാർ മാനേജിംഗ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിർവഹിച്ചു.

എറണാകുളം കലൂരിൽ പെറ്റിയൂണിയ-ബിഗോണിയ, തൃപ്പൂണിത്തുറയിൽ കിംഗ്‌സ് ടൗൺ, കാക്കനാട് ഗ്രീൻ ക്ലൗഡ്‌സ് എന്നിവയാണ് വീഗാലാൻഡിൻറെ പൂർത്തിയാക്കിയ പദ്ധതികൾ.195 ഫ്‌ളാറ്റുകളാണ് നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. അടുത്ത ഘട്ടത്തിൽ 220 ഫ്‌ളാറ്റുകളുടെ നിർമാണമാണ് ലക്ഷ്യമിടുന്നത്.

കൊച്ചിയിൽ ഹോട്ടൽ റിനൈയിൽ നടന്ന ചടങ്ങിൽ വിഗാർഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി, വണ്ടർല ഹോളിഡെയ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രിയ അരുൺ ചിറ്റിലപ്പിള്ളി, വീഗാലാൻഡ് ഡെവലപ്പേഴ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടർ ബി. ജയരാജ് തുടങ്ങിയവരും സംബന്ധിച്ചു.