അസംസ്‌കൃതവസ്തുക്കളുടെ വില വർധന : ഭവന വില താഴില്ലെന്ന് ക്രെഡായി

Posted on: January 22, 2017

കൊച്ചി : ഭവന നിർമ്മാണ മേഖലയിൽ സ്റ്റീൽ ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുന്നതിനാൽ ഭവന വില താഴില്ലെന്ന് കൊച്ചിയിൽ ചേർന്ന ക്രെഡായി ഗവേണിംഗ് കൗൺസിൽ യോഗം വിലയിരുത്തി. കറൻസി പിൻവലിക്കൽ നടപടിക്ക് ശേഷം ഭവന നിർമ്മാണ മേഖലയിൽ വിലയിടിവ് ഉണ്ടാകുമെന്ന ധാരണ തെറ്റാണെന്നും സ്റ്റീൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളുടെ വില ഉയരുകയാണെന്നും ക്രെഡായി ചെയർമാൻ ഹസീബ് അഹമ്മദും, സെക്രട്ടറി ജനറൽ ഡോ. നജീബ് സക്കറിയയും പറഞ്ഞു.

സമീപ ഭാവിയിൽ തന്നെ ഭവനനിർമ്മാണ മേഖല മാന്ദ്യത്തിൽ നിന്നും കരകയറുമെന്നും അവർ പറഞ്ഞു. നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധനവും, വേതന വർദ്ധനവും സമീപഭാവിയിൽ ഭവനങ്ങളുടെ വില ഉയരുവാൻ കാരണമായേക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഹോംലോണുകളുടെ പലിശനിരക്ക് കുറച്ച നടപടി ക്രെഡായി സ്വാഗതം ചെയ്തു. വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതി ലഭിക്കുന്നതിൽ നേരിടുന്ന കാലതാമസത്തിൽ കൗൺസിൽ യോഗം ആശങ്ക രേഖപ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങൾ, ഫയർ, പാരിസ്ഥിതികാനുമതി, വാട്ടർ അഥോറിട്ടി തുടങ്ങിയ വകുപ്പുകളിൽ നിന്ന് അനുമതി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ ഏകജാലക സംവിധാനം ഉടൻ നടപ്പിലാക്കണമെന്ന് ക്രെഡായി സർക്കാരിനോട് ആവശ്യപ്പെട്ടു.

TAGS: Credai |