കെട്ടിട നിർമാണത്തിനുുള്ള നടപടിക്രമങ്ങൾ ലളിതമാക്കുമെന്ന് ടി കെ ജോസ്

Posted on: November 25, 2016

credai-statecon-interaction

കൊച്ചി : കോൺഫെഡറേഷൻ ഓഫ് റിയൽ എസ്‌റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) ദ്വിദിന സ്‌റ്റേറ്റ് കോൺഫറൻസിന് ഹോട്ടൽ ലെ മെറിഡിയനിൽ തുടക്കമായി. ഹൈക്കോടതി റിട്ടയേഡ് ജസ്റ്റിസ് എസ് സിരിജഗൻ ഉദ്ഘാടനം ചെയ്തു. മാലിന്യനിർമാർജനത്തിൽ ബിൽഡർമാരുടെ സേവനം പ്രശംസനീയമാണെന്ന് അദേഹം പറഞ്ഞു. ക്രെഡായ് നാഷണൽ വൈസ് പ്രസിഡ് എസ് എൻ രഘുചന്ദ്രൻ നായർ ആമുഖ പ്രസംഗം നടത്തി.

ക്രെഡായ് കേരള ചെയർമാൻ ഹസീബ് അഹമ്മദ്, സെക്രട്ടറി ജനറൽ നജീബ് സക്കറിയ, കെ പി എം ജി പ്രതിനിധികളായ ജയേഷ് കരിയാ, അശുതോഷ് കപൂർ സംബന്ധിച്ചു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ റിയൽ എസ്‌റ്റേറ്റ് വ്യവസായ മേഖലയുടെ പങ്കിനെക്കുറിച്ച് പഠനം നടത്തുന്നതിന് ക്രെഡായിയും കെ പി എം ജിയും ഒപ്പുവെച്ച ധാരണാപത്രം ഹസീബ് അഹമ്മദും ജയേഷ് കരിയയും കൈമാറി.

കെട്ടിട നിർമാണ അനുമതിക്കുള്ള നടപടിക്രമങ്ങൾ ലളിതവും സുതാര്യവുമാക്കുമെന്ന് ബിസിനസ് നടത്തിപ്പ് സുഗമമാക്കുന്നതിനെക്കുറിച്ച് നടന്ന പാനൽ ചർച്ചയിൽ തദ്ദേശസ്വയംരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി കെ ജോസ് ഐഎഎസ് പറഞ്ഞു. കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കെട്ടിട നിർമാണത്തിനുള്ള അനുമതിക്ക് ക്യൂ സിസ്റ്റം ഏർപ്പെടുത്തുമെന്നും അപേക്ഷിച്ച് 30 ദിവസത്തിനുള്ളിൽ എല്ലാ അനുമതികളും ലഭിക്കുന്ന വിധത്തിൽ നടപടിക്രമങ്ങളിൽ മാറ്റം വരുത്തുമെന്നും അദേഹം അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ലഭിക്കുന്ന കെട്ടിട നിർമാണ അപേക്ഷകൾക്ക് മുൻഗണനാക്രമം നിശ്ചയിക്കുകയും ഇവ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. വാണിജ്യാവശ്യത്തിനും പാർപ്പിട ആവശ്യത്തിനുമുള്ള അപേക്ഷകൾ പ്രത്യേകം മുൻഗണനാ ലിസ്റ്റുകളിലാകും ഉൾപ്പെടുത്തുക. ഈ മുൻഗണനാ ക്രമം തെറ്റിച്ച് ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനം അനുമതി നൽകിയാൽ സർക്കാരിന് ഇടപെടാൻ കഴിയും. കേരളത്തിലെ ആറ് കോർപറേഷനുകളിലും പ്രധാന മുനിസിപ്പാലിറ്റികളിലും തുടക്കത്തിൽ നടപ്പാക്കുന്ന ക്യൂ സംവിധാനം പിന്നീട് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. അപേക്ഷിച്ച് 30 ദിവസത്തിനകം അനുമതി ലഭിക്കുന്ന വിധത്തിൽ നടപടിക്രമങ്ങൾ ലഘൂകരിക്കും. കെട്ടിട നിർമാണ അനുമതിക്ക് നൂറുകണക്കിന് ഉദ്യോഗസ്ഥരുടെ ഒപ്പുകൾ വേണ്ടിവരുന്ന അവസ്ഥക്ക് ഇതോടെ മാറ്റമുണ്ടാകും. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് അംഗീകൃത ആർക്കിടെക്ടുകൾക്ക് കൂടുതൽ അധികാരം നൽകണമെന്ന നിർദേശം സർക്കാരിന് മുന്നിൽ വെച്ചിട്ടു്. ഇക്കാര്യത്തിൽ സർക്കാർ നിയന്ത്രണാധികാരിയുടെ റോളിൽ നിന്ന് നിർവാഹകന്റെ റോളിലേക്ക് മാറേണ്ടതുണ്ട്. കെട്ടിട നിർമാണ ചട്ടങ്ങളിൽ കാലഹരണപ്പെട്ടതും അപ്രായോഗികവുമായ വ്യവസ്ഥകളുണ്ടെന്നും ഇവ മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും ടി കെ ജോസ് പറഞ്ഞു. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രി തുറന്നതും ശക്തവുമായ സമീപനമാണ്  സ്വീകരിച്ചിട്ടുള്ളതെന്നും അദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ വിവിധോദ്ദേശ്യ വ്യവസായ വികസന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടർ ഡോ. എം ബീന ഐഎഎസ് അറിയിച്ചു. ചുരുങ്ങിയ സമയപരിധിക്കുള്ളിൽ അനുമതികൾ ലഭ്യമാക്കുന്നതിന് പഞ്ചാബ് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ബോർഡിന്റെ മാതൃകയിലുള്ള പുതിയൊരു സംവിധാനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത്തരമൊരു സംവിധാനത്തിന് വേണ്ടിയുള്ള പഠനം കെ പി എം ജി നടത്തുന്നുണ്ട്. ബിസിനസ് സുഗമമായി നടത്തുവാൻ കഴിയുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം കഴിഞ്ഞ വർഷം 18 ാം സ്ഥാനത്തായിരുന്നുവെങ്കിൽ ഈ വർഷം 20 ാം സ്ഥാനത്താണെന്നും അവർ പറഞ്ഞു. കെ പി എം ജി പ്രതിനിധി ജയേഷ് കരിയ മോഡറേറ്ററായിരുന്നു. ക്രെഡായ് നാഷണൽ വൈസ് പ്രസിഡ് രഘുചന്ദ്രൻ നായരും സംസാരിച്ചു.