ഇൻഫോ പാർക്കിൽ മുത്തൂറ്റ് ഗ്രൂപ്പിന്റെ ഐടി പാർക്ക്

Posted on: June 25, 2016

Muthoot-Group-Big

തിരുവനന്തപുരം : ഇൻഫോപാർക്ക് രണ്ടാം ഘട്ടവികസനത്തിന്റെ ഭാഗമായി മുത്തൂറ്റ് ഗ്രൂപ്പ് ഐടിപാർക്ക് സ്ഥാപിക്കും. മുഖ്യമന്ത്രിയും ഐടി മന്ത്രിയുമായ പിണറായി വിജയന്റെ ഓഫീസിൽ നടന്ന ചടങ്ങിൽ കൊച്ചി ഇഫോപാർക്ക് സിഇഒ ഋഷികേശ് നായരും മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടറായ ജോർജ് അലക്‌സാണ്ടറും, മുഖ്യമന്ത്രിയുടെയും ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെയും സാന്നിധ്യത്തിൽ ഇതു സംബന്ധിച്ച കരാർ കൈമാറി.

ഇൻഫോപാർക്കിന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ 9.37 ഏക്കർ സ്ഥലത്ത് മുത്തൂറ്റ് ഗ്രൂപ്പ് 10 ലക്ഷം ചതുരശ്ര അടിയിൽ ഐടി, ഐടി അനുബന്ധ അടിസ്ഥാന സൗകര്യ വികസനം നടത്തും. വിശാലമായ പാർക്കിംഗ് സൗകര്യവും ലാൻഡ് സ്‌കേപിംഗും ഉൾക്കൊള്ളുന്ന ഇരട്ട കെട്ടിട സമുച്ചയങ്ങളാണു മുത്തൂറ്റ് ഐടി പാർക്കിനായി വിഭാവനം ചെയ്യുന്നത്. രണ്ടു കെട്ടിടത്തിനും അഞ്ചു ലക്ഷം ചതുരശ്ര അടി വീതമാണ് വിസ്തീർണം. പണി പൂർത്തിയാകുമ്പോഴേക്കും 8,000 പേർക്കു തൊഴിൽ ലഭിക്കും.

മുത്തൂറ്റ് ഐടി പാർക്കിന്റെ വികസനത്തിനായി 450 കോടി രൂപയാണു മുതൽ മുടക്കുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ അറിയിച്ചു. 2020 ഓടെ പ്രവർത്തനം ആരംഭിക്കാനാണു പദ്ധതിയിട്ടിരിക്കുന്നത്. തുടക്ക കമ്പനികളെ പ്രോത്സാഹിപ്പിക്കാനായി പാർക്കിൽ ഇൻകുബേഷൻ കേന്ദ്രം സ്ഥാപിക്കും. ഫുഡ്‌കോർട്ട് ഉൾപ്പെടെയുള്ള എല്ലാ അനുബന്ധ സൗകര്യങ്ങളും ഒരുക്കമെന്നും അദ്ദേഹം പറഞ്ഞു.

മുത്തൂറ്റ് ഫിനാൻസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജോർജ് ജേക്കബ്, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോർജ് വർഗീസ്, ഇൻഫോപാർക്ക് മാർക്കറ്റിംഗ് മാനേജർ അരുൺ രാജീവൻ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.