ഭവനവായ്പക്ക് സബ്‌സിഡിയുമായി ഐസിഐസിഐ ബാങ്ക്

Posted on: March 11, 2016

ICICI-Bank-home-loans-Big-aകൊച്ചി : ഐസിഐസിഐ ബാങ്ക് പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയുടെ കീഴിൽ വായ്പയുമായി ബന്ധിപ്പിച്ചു  ഭവന വായ്പയ്ക്കു പ്രത്യേക സബ്‌സിഡി സ്‌കീം ആരംഭിച്ചു. ഇതനുസരിച്ച് സ്ത്രീകളടക്കം സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങളിലെ വ്യക്തികൾക്കു വീടുവാങ്ങുന്നതിനോ നിർമിക്കുന്നതിനോ താഴ്ന്ന പ്രതിമാസ തിരിച്ചടവിൽ വായ്പ ലഭിക്കും. കേന്ദ്ര നോഡൽ ഏജൻസിയായ നാഷണൽ ഹൗസിംഗ് ബാങ്കുമായി ഇതിനായി ഐസിഐസിഐ ബാങ്ക് ധാരണാപത്രം ഒപ്പിട്ടു.

ഈ പദ്ധതിയനുസരിച്ച് അർഹരായ വായ്പക്കാർക്ക് ആറര ശതമാനം സബ്‌സിഡി ലഭിക്കും. വായ്പാത്തുക എത്രയാണെങ്കിലും പരമാവധി ആറു ലക്ഷം രൂപ വരെയുള്ള തുകയാണ് ഈ പദ്ധതിയിൽ സബ്‌സിഡിക്കായി കണക്കാക്കുക. പതിനഞ്ചു വർഷമോ വായ്പയുടെ കാലയളവോ ഏതാണു കുറവ് ആ കാലയളവിലേക്കായിരിക്കും സബ്‌സിഡി കണക്കാക്കുക. പക്കാ വീട് ഇല്ലാത്ത ഭർത്താവ്, ഭാര്യ, വിവാഹം കഴിക്കാത്ത കുട്ടികൾ എന്നിവരടങ്ങിയ കുടുംബത്തിനാണ് ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കുന്നത്.

പ്രതിവർഷം മൂന്നു ലക്ഷം രൂപ വരെ വരുമാനമുള്ള കുടുംബങ്ങളെയാണ് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരായി പ്രധാൻ മന്ത്രി ആവാസ് യോജനയിൽ കണക്കാക്കുന്നത്. വരുമാനം 3-6 ലക്ഷം രൂപ വരെയുള്ളവരെ കുറഞ്ഞ വരുമാന ഗ്രൂപ്പായും കണക്കാക്കുന്നു. എല്ലാവർക്കും വീട് എന്ന കേന്ദ്ര സർക്കാരിന്റെ ലക്ഷ്യത്തോടു ചേർന്നാണ് ബാങ്ക് ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളതെന്നു എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജീവ് സബർവാൾ പറഞ്ഞു.