ഇനി 1000 ദിവസം

Posted on: December 5, 2015

Vizhinjam-Seaport-Master-Pl

ആയിരം ദിവസം കഴിയുമ്പോൾ വിഴിഞ്ഞത്തൊരു മദർഷിപ്പ്. സർ സി.പി.രാമസ്വാമി അയ്യർ, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പേ കണ്ട സ്വപ്നം, ഇതാ ഇപ്പോൾ യാഥാർഥ്യമാകുന്നു.

രണ്ടു മെഗാപദ്ധതികളാണ് കേരളത്തിന്റെ ആകെയുള്ള സമ്പാദ്യം. ഇടുക്കി അണക്കെട്ടും (1973) നെടുമ്പാശേരി വിമാനത്താവളവും (1993). വികസന രംഗത്തെ കേരളത്തിന്റെ ഈ മരവിപ്പിനുള്ള മറുപടിയാണ് വിഴിഞ്ഞം. ഇനി കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, സ്മാർട്ട് സിറ്റി, ദേശീയ ജലപാത തുടങ്ങി ഒരുപിടി മെഗാ പദ്ധതികളാണ് പൂർത്തിയാകുന്നത്. കേരളം സ്വപ്നങ്ങളിൽ നിന്നുണരുന്നു.

രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തെ ഉയരങ്ങളിലെത്തിച്ച തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഉയർന്നത് അവിടെയുള്ള മത്സ്യത്തൊഴിലാളികളുടെ കിടപ്പാടത്തിലാണ്. വിഴിഞ്ഞം തുറമുഖം നങ്കൂരമിടുന്നതും അവരുടെ മഹാത്യാഗത്തിന്മേലാണ്. കേരളത്തിൽ വികസനം കൊണ്ടുവരണമെന്ന് ഇന്നാട്ടിലെ സാധാരണക്കാർ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് വിഴിഞ്ഞം വീണ്ടും നമ്മെ ഓർമിപ്പിക്കുന്നു.

കടലാസിൽ നിന്നു കരയിലേക്ക്

2011 മെയ് മാസത്തിൽ യു.ഡി.എഫ്. സർക്കാർ അധികാരമേൽക്കുമ്പോൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി എങ്ങുമെത്തിയിരുന്നില്ല. അന്നു കടലാസ് തോണി മാത്രമായിരുന്ന പദ്ധതിയെ അതീവ ജാഗ്രതയോടെയും കഠിനമായി പരിശ്രമിച്ചുമാണ് ഒരു കപ്പലാക്കി മാറ്റിയത്. ആദ്യം പദ്ധതിയുടെ പ്രവർത്തനം ത്വരിതപ്പെടുത്തി. നാല്പതോളം പബ്ലിക് കൺസൾട്ടേഷനുകൾ ഉൾപ്പെടുന്ന രണ്ടുവർഷം നീണ്ട പ്രവർത്തനങ്ങളെ തുടർന്ന് പാരിസ്ഥിതിക അനുമതി ലഭിച്ചു. വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ സാദ്ധ്യതകൾ കൂടി പരമാവധി ഉപയോഗപ്പെടുത്തുവാൻ ലാൻഡ് ലോർഡ് മോഡലിലെ പി.പി.പി. ഘടകങ്ങൾ നവീകരിച്ചു. പദ്ധതിയുടെ രൂപരേഖ പുതുക്കി. ഇതോടെ 9,000 ടി.ഇ.യുവിനു പകരം 18,000 മുതൽ 22,000 ടി.ഇ.യു.വരെ ശേഷിയുള്ള കണ്ടെയ്‌നർ കപ്പലുകൾക്ക് വിഴിഞ്ഞം തുറമുഖത്ത് ചരക്കിറക്കുവാൻ സാധിക്കും. ബർത്തിന്റെ നീളം 650 ൽ നിന്നും 800 മീറ്ററാക്കി നവീകരിച്ചു. ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ കപ്പൽ വരെ നങ്കൂരമിടാൻ സാധിക്കുന്ന രീതിയിൽ രൂപകല്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ഏക തുറമുഖമാണ് വിഴിഞ്ഞം.

വിഴിഞ്ഞം പദ്ധതിയുടെ തുക 5,552 കോടി രൂപയാണ്. ഇതിൽ 4,089 കോടി രൂപ പി.പി.പി. ഘടകവും, 1,463 കോടി രൂപ സർക്കാർ ചെലവിൽ നിർമിക്കുന്ന ഫണ്ടഡ് വർക്കിന്റെ തുകയുമാണ്. എല്ലാ മുൻ കരാറുകളിലെയും പോലെ പദ്ധതിക്കാവശ്യമായ ഭൂമി, റയിൽ, വെള്ളം, വൈദ്യുതി എന്നിവയുടെ ചുമതലയും ചെലവും സംസ്ഥാന സർക്കാരിനാണ്. ഇതിന് 1,973 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

ബ്രേക്ക്‌വാട്ടറിന്റെ നിർമ്മാണം കരാറുകാരൻ നിർവഹിക്കുകയും അതിന് ആവശ്യമായ 1,463 കോടി രൂപ സർക്കാർ വിവിധ ഘട്ടങ്ങളിൽ നൽകുകയും ചെയ്യും. പി.പി.പി. ഘടകങ്ങളുടെ തുകയായ 4,089 കോടിയിൽ നാൽപത് ശതമാനം 1,635 കോടി രൂപയുടെ ഗ്രാന്റാണ്. 818 കോടി രൂപ കേന്ദ്ര സർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ടായി നൽകും. ശേഷിക്കുന്ന 817 കോടി രൂപ ഗ്രാന്റിൽ, 409 കോടി രൂപ നിർമ്മാണ കാലയളവിലും 408 കോടി രൂപ നടത്തിപ്പു കാലയളവിലും ധനസഹായമായി സർക്കാർ നൽകും.

 

സുതാര്യത മുഖമുദ്ര

കേന്ദ്ര ആസൂത്രണ കമ്മിഷൻ പ്രസിദ്ധീകരിച്ച പൊതുരേഖയായ മാതൃക കൺസഷൻ കരാർ അടിസ്ഥാനമാക്കി സുതാര്യമായാണ് കരാറും ടെണ്ടർ നടപടികളും പൂർത്തിയാക്കിയത്. ഒട്ടേറ തവണ ടെൻഡർ സമയപരിധി നീക്കിക്കൊടുത്തു. അവസാന ഘട്ടത്തിലും താത്പര്യം പ്രകടിപ്പിച്ച മൂന്ന് കമ്പനികളുമായി മുഖ്യമന്ത്രിയും തുറമുഖമന്ത്രിയും ചർച്ച നടത്തി. എന്നാൽ, അദാനി പോർട്‌സ് മാത്രമാണ് ടെൻഡർ സമർപ്പിച്ചത്. ഇത് സർക്കാർ സർവ്വകക്ഷി യോഗത്തിൽ വിശദീകരിക്കുകയും വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ടെൻഡർ സംബന്ധമായ എല്ലാ വിവരവും പുറത്തുവിട്ടു. അദാനി പോർട്‌സ് ഒപ്പിട്ട ബിഡ് ലെറ്റർ വരെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

നാലു വർഷം മുമ്പ് ടെൻഡർ വിളിച്ചിരുന്ന മോഡലിൽ സംസ്ഥാന സർക്കാർ മുടക്കേണ്ടിയിരുന്ന തുകയിൽ നിന്ന് ഗണ്യമായ തുക ഇപ്പോഴത്തെ മോഡലിൽ കുറഞ്ഞിട്ടുണ്ട്. 30 വർഷത്തേയ്ക്ക് ഭൂമി സ്വകാര്യ കമ്പനിക്കു പാട്ടത്തിന് നൽകുന്നതായിരുന്നു പഴയ കരാർ. പുതിയ കരാർ പ്രകാരം ലൈസൻസ് മാത്രമേ സ്വകാര്യ പങ്കാളിക്കു ലഭിക്കുന്നുളളൂ. തിരിച്ചെടുക്കാവുന്ന രീതിയിൽ ഭൂമിയുടെ അവകാശം സർക്കാരിനു തന്നെ. തുറമുഖ നടത്തിപ്പിന്റെ 15-ാം വാർഷികത്തിനു ശേഷം വരുമാനത്തിന്റെ വിഹിതം സർക്കാരിനു ലഭിച്ചു തുടങ്ങും. ഈ വിഹിതം ഒരു ശതമാനത്തിൽ തുടങ്ങി ഓരോ വർഷവും ഒരു ശതമാനം വീതം കൂടി 40 ശതമാനം വരെ ആകും. കൂടാതെ, തുറമുഖേതര പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ 10 ശതമാനം വിഹിതം ഏഴാം വർഷം മുതൽ സംസ്ഥാനത്തിനു ലഭിച്ചു തുടങ്ങും.

കണ്ണീർ വീഴ്ത്താതെ

വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതുമൂലം ആ പ്രദേശത്തെ ഒരാളുടെപോലും കണ്ണീർ വീഴാൻ ഇടവരില്ല. പുനരധിവാസത്തിനായി 475 കോടി രൂപയുടെ പാക്കേജാണു പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുവർഷംകൊണ്ട് ഇതു നടപ്പാക്കും. ആവശ്യമെങ്കിൽ കൂടുതൽ തുക മാറ്റിവയ്ക്കും. ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമകൾക്ക് ന്യായമായ വില നൽകി. വീട് നഷ്ടപ്പെടുന്ന 67 പേർക്കും പുനരധിവാസം നൽകി. പദ്ധതി നടപ്പാക്കുന്നതുമൂലം തൊഴിൽരഹിതരും ഭവനരഹിതരുമാകുന്നവരുടെ പ്രശ്‌നങ്ങൾ പഠിച്ച് നഷ്ടപരിഹാരം നൽകാൻ ആർഡിഒ അധ്യക്ഷനായ കമ്മിറ്റിയും കളക്ടറുടെ നേതൃത്വത്തിൽ അപ്പീൽ കമ്മിറ്റിയും നിലവിലുണ്ട്. സജീവമായ മത്സ്യബന്ധന മേഖല എന്ന നിലയിൽ തുറമുഖ നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ആധുനിക മത്സ്യബന്ധന തുറമുഖം നിർമിക്കുന്നതാണ്. പദ്ധതി പ്രദേശത്തെ ജനങ്ങൾക്ക് വേണ്ടി ശുദ്ധജലവിതരണ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. പദ്ധതിക്കു വേണ്ടി മൊത്തം ഭൂമിയുടെ 93 ശതമാനവും ഏറ്റെടുത്തു. ശേഷിക്കുന്ന 23 ഏക്കർ ഭൂമി വൈകാതെ ഏറ്റെടുക്കാൻ കഴിയും.

തുടക്കമിട്ടത് യുഡിഎഫ്

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തുടക്കമിട്ടത് 1991 ൽ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സർക്കാരിന്റെ കാലത്താണ്. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന. എം. വി. രാഘവൻ ആണ് ഇതിന് ചുക്കാൻ പിടിച്ചത്. എ. കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സർക്കാർ, 1995 ൽ പദ്ധതിക്കായി കുമാർ എനർജി കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ടു. എന്നാൽ തുടർന്നു വന്ന ഇടതു മുന്നണി സർക്കാരിന് പദ്ധതിയുമായി മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. 2004 ൽ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കാനുള്ള രൂപരേഖ തയ്യാറാക്കുകയും, 2005 ൽ പി.പി.പി മോഡലിൽ ടെണ്ടർ വിളിക്കുകയും ചെയ്തു. ടെണ്ടറിൽ പങ്കെടുത്ത ചൈനീസ് പങ്കാളിത്തമുള്ള കൺസോർഷ്യത്തിന് സുരക്ഷാ കാരണങ്ങളാൽ കേന്ദ്രാനുമതി ലഭിച്ചില്ല. പിന്നീടു വന്ന ഇടതുസർക്കാരിന്റെ ശ്രമങ്ങളും വിജയിച്ചില്ല.

5,552 കോടി രൂപയുടെ പദ്ധതിയിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച് ഇത്തവണയും പദ്ധതി തടസപ്പെടുത്താൻ പ്രതിപക്ഷം നോക്കിയെങ്കിലും സർക്കാർ ഒരിഞ്ചുപോലും പതറാതെ മുന്നോട്ടുപോയി. ദശാബ്ദങ്ങൾക്കുശേഷം കേരളത്തിൽ ഒരുവൻകിട പദ്ധതി നടപ്പാകുന്ന ഈ ശുഭമുഹൂർത്തം ബഹിഷ്‌കരിക്കാനുള്ള ഇടതുമനസ് നിർഭാഗ്യകരമാണ്. പദ്ധതിക്കുവേണ്ടി കിടപ്പാടം വരെ വിട്ടുകൊടുക്കുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വലിയ മനസിനു മുന്നിൽ ഇടതുപക്ഷം തീരെ ചെറുതായിപ്പോയി.

കേരളത്തിനും രാജ്യത്തിനും വേണ്ടി

ലോകത്തിലെ തന്നെ ഏറ്റവും പരിസ്ഥിതി സൗഹൃദവും പ്രകൃതിദത്തവുമായ തുറമുഖമാണ് വിഴിഞ്ഞം. ഡ്രഡ്ജിങ് ആവശ്യമില്ലാത്തതിനാൽ വലിയ കപ്പലുകൾക്കും (മദർഷിപ്പുകൾ) ഇവിടെ എത്തിച്ചേരാൻ സാധിക്കും. ഇത് ചരക്കുഗതാഗതത്തിന്റെ ഹബായി മാറാം. ഇന്ത്യയിലെ ഏറ്റവും വികസന സാദ്ധ്യതയുള്ള തുറമുഖമാണ് വിഴിഞ്ഞം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മത്സരിക്കേണ്ടി വരുന്നത് കൊളംബോ, സിംഗപ്പൂർ, ദുബായ് എന്നീ രാജ്യാന്തര തുറമുഖങ്ങളുമായാണ്. വിഴിഞ്ഞം പ്രവർത്തനക്ഷമമാകുന്നതോടുകൂടി വല്ലാർപാടം കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിന്റെ വാണിജ്യപരമായ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുകയും ചെയ്യും.

തുറമുഖ നിർമാണ രംഗത്തും നടത്തിപ്പിലും മുൻനിരക്കാരായ അദാനി പോർട്‌സിൽ സർക്കാരിനു പൂർണ വിശ്വാസമുണ്ട്. വിഴിഞ്ഞം പദ്ധതി ഏറ്റെടുത്ത അവർക്ക് പ്രത്യേക നന്ദി പറയുന്നു. നാലു വർഷം (1461 ദിവസം) കൊണ്ടാണ് പദ്ധതി പൂർത്തിയാക്കേണ്ടത്. എന്നാൽ, ആയിരം ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാമെന്നാണ് അദാനി പോർട്‌സിന്റെ പ്രഖ്യാപനം. കൗണ്ട്ഡൗൺ ആരംഭിക്കുകയാണ്. 1095 ദിവസങ്ങൾകൊണ്ട് കൊച്ചി മെട്രോ പൂർത്തിയാകുമെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്. വൻകിട പദ്ധതികളെല്ലാം സമയബന്ധിതമായി മുന്നേറുകയാണ്. സ്വപ്നങ്ങളിൽ നിന്നും യാഥാർത്ഥ്യങ്ങളിലേക്കുള്ള യാത്ര കഠിനമാണെങ്കിലും.

(വിഴിഞ്ഞം പദ്ധതിയുടെ നിർമാണോദ്ഘാടനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ലേഖനം)