ഇൻകെൽ അങ്കമാലി പാർക്കിലെ രണ്ടാം സമുച്ചയം മൂന്നു മാസത്തിനുള്ളിൽ

Posted on: November 19, 2015

INKEL-Business-Park-Ankamal

കൊച്ചി : ഇൻഫ്രാൻസ്ട്രക്ചർ കേരള ലിമിറ്റഡ് അങ്കമാലിയിൽ പണി പൂർത്തിയാക്കുന്ന രണ്ടര ലക്ഷം ചതുരശ്ര അടിവിസ്തീർണമുളള കെട്ടിട സമുച്ചയം മൂന്നു മാസത്തിനകം പ്രവർത്തന സജ്ജമാകും. ദേശീയ പാതയിൽ നിന്ന് എണ്ണൂറുമീറ്റർ മാത്രം മാറിയുളള സമുച്ചയം മികച്ച സൗകര്യങ്ങളാണ് നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്. അങ്കമാലിയിലെ ഇൻകെൽ ബിസിനസ് പാർക്കിൽ തന്നെയാണ് രണ്ടാമത്തെ കെട്ടിട സമുച്ചയം.

കുറഞ്ഞ വാടകയിൽ പാട്ടവ്യവസ്ഥയിലാണ് പുതിയ കെട്ടിടത്തിലെ സ്ഥലം കൈമാറുന്നതെന്ന് ഇൻകെൽ എംഡി ടി ബാലകൃഷ്ണൻ പറഞ്ഞു. ദീർഘനാളത്തേക്കും മാസവാടകയിനത്തിലും കെട്ടിടത്തിൽ സ്ഥലം ലഭിക്കും. ദീർഘനാളത്തെ കരാറിൽ ഏർപ്പെടുന്നവർക്ക് ലഭിച്ച സ്ഥലം മറ്റൊരാൾക്ക് വാടകയ്ക്ക് നൽകാനും ബാങ്ക്‌സെക്യൂരിറ്റിയായി നൽകാനുമുളള സംവിധാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വെളളം, വൈദ്യുതി, അതിവേഗ ഇന്റർനെറ്റ് സംവിധാനം എന്നിവ ഉറപ്പു വരുത്തിയിട്ടുണ്ട്. ഭാവിയിൽ 25 ലക്ഷം ചതുരശ്ര അടിയുളള കെട്ടിടമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാലു നിലയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഓരോ നിലയിലും 40000 ചതുരശ്ര അടി സ്ഥലം നിക്ഷേപകർക്കായി ഒരുക്കിയിട്ടുണ്ട്. പതിനായിരം ചതുരശ്ര അടിയാണ് പാട്ടത്തിന് ലഭിക്കുന്ന കുറഞ്ഞ യൂണിറ്റ്. നിർമ്മാണ സാങ്കേതികവിദ്യയിലെ പോസ്റ്റ് ടെൻഷൻ സ്ലാബ് സംവിധാനം ഉപയോഗിച്ച് കെട്ടിടങ്ങൾ പണിതതിനാൽ പന്ത്രണ്ട് അടി പൊക്കമുളള ഓരോ നിലയിലും ഇടയിൽ തൂണുകളുണ്ടാകില്ല. കേവലം പതിന്നാറ് മാസങ്ങൾ കൊണ്ടാണ് കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയതെന്നതും ശ്രദ്ധേയമാണ്.

ഇത്തരം നാലു ടവറുകൾ കൂടി ഇനിയും പണിയാനുദ്ദേശിക്കുന്നതായി
ബാലകൃഷ്ണൻ പറഞ്ഞു. എന്നാൽ ഇത് സ്വകാര്യ നിക്ഷേപകരെ കൂടി പങ്കെടുപ്പിച്ചു കൊണ്ടുളള സംയുക്ത പദ്ധതിയായിരിക്കും. വിമനത്താവളത്തിൽ നിന്ന് കേവലം ആറ് കിലോമീറ്ററും തുറമുഖത്തു നിന്നും 30 കിലോമീറ്ററും നാലുവരിപ്പാതയിൽ നിന്നും എണ്ണൂറ് മീറ്ററും മാത്രം അകലത്തിലാണ് സ്ഥിതിചെയ്യുന്നതെന്ന പ്രത്യേകതയാണ് അങ്കമാലി ഇൻകൽ ബിസിനസ് പാർക്കിനെ ആകർഷകമാക്കുന്നത്.

സ്്മാർട്ട് സിറ്റിയുമായി തട്ടിച്ചു നോക്കുമ്പോൾ ഇൻകൽ ബിസിനസ് പാർക്കിലെ ഭൂമി വാടക നിരക്ക് കൂടതലാണ്. എങ്കിലും ഐടി മേഖലയുടെ അതേ അടിസ്ഥാന സൗകര്യമുളള ഓഫീസ് സ്‌പേസ് ചതുരശ്ര അടിക്ക് 16 രൂപ നിരക്കെന്നത് ഇന്നത്തെ വിപണി കണക്കുകൂട്ടിയാൽ വളരെ കുറവാണെന്നും ശ്രീ ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. 83 വർഷത്തെ ദീർഘകാല പാട്ടത്തിന് ചതുരശ്ര അടിക്ക് 1900 രൂപമാത്രമാണ് ഈടാക്കുന്നത്.

സ്മാർട്ട് സിറ്റിക്ക് ഏക്കറിന് 43 ലക്ഷത്തിന് സർക്കാർ നൽകിയപ്പോൾ ഇൻകലിന് നൽകിയത് ഏക്കറിന് ഒരു കോടി രൂപ നിരക്കിലാണ്. ഈ സാഹചര്യത്തിലും വിപണി നിരക്കിനേക്കാൾ ലാഭകരമായി ഇൻകെലിൽ സ്ഥലം കിട്ടുമെന്നത് നിക്ഷേപകർക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.