കാർ യാത്രക്കാരെ ആകർഷിക്കാൻ കൊച്ചിമെട്രോ

Posted on: October 31, 2015

BAI-builders-day-Elias-Geor

കൊച്ചി : കാർ യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കുന്നതിനായി രാജ്യത്തെ മറ്റ് മെട്രോകളിലില്ലാത്ത മൂല്യവർധിത സൗകര്യങ്ങൾ കൊച്ചിയിലൊരുക്കുമെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ഏലിയാസ് ജോർജ് ഐഎഎസ് പറഞ്ഞു.

എല്ലാ കോച്ചുകളിലും വൈ-ഫൈ സൗകര്യം, 6 വീതം എൽസിഡി സ്‌ക്രീനുകൾ, വാർത്തകളറിയാനുള്ള സൗകര്യം, വിനോദ പരിപാടികൾ എന്നിവയാണ് ഇപ്പോൾ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ബിൽഡേഴ്‌സ് ഡേ ദിനാചരണചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ ഷോപ്പിംഗ് ഉത്പന്നങ്ങൾ മെട്രോ സ്റ്റേഷനുകളിൽ ഡെലിവറി ചെയ്യുന്നതിനുള്ള സൗകര്യവുമൊരുക്കുന്നതാണ്.

നഗരത്തിലേക്ക് കാറുകളും മറ്റ് സ്വകാര്യ വാഹനങ്ങളും വരാതിരിക്കുന്നത് നിലവിലുള്ള ഗതാഗതക്കുരുക്കഴിക്കാനും സഹായകമാണെന്ന് ഏലിയാസ് ജോർജ് ചൂണ്ടിക്കാട്ടി. മെട്രോ സ്റ്റേഷനുകളുടെ പരിസരം ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റാനാണുദ്ദേശിക്കുന്നതെന്ന് ഏലിയാസ് ജോർജ് പറഞ്ഞു. സംസ്ഥാനത്തിന്റെ പാരമ്പര്യം വിളിച്ചോതുന്നവയായിരിക്കും സ്റ്റേഷനുകൾ. പശ്ചിമഘട്ടത്തിന്റെ പാശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ആലുവ സ്റ്റേഷനാണ് ഇതിൽ മുഖ്യം. മറ്റ് സ്റ്റേഷനുകളായ കുസാറ്റ്, ഇടപ്പള്ളി, ചങ്ങമ്പുഴ നഗർ, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, എംജി റോഡ് എന്നിവയുടെ അടിസ്ഥാന വിഷയം യഥാക്രമം സംസ്ഥാനത്തിന്റെ സമുദ്രയാന ചരിത്രം, കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങൾ, സംസ്ഥാനത്തിന്റെ സാംസ്‌കാരിക-കലാ പാരമ്പര്യം, സ്‌പോർട്‌സ്, എറണാകുളം നഗരത്തിന്റെ ചരിത്രം എന്നിവയായിരിക്കും.

മെട്രോ വന്നതുകൊണ്ട് മാത്രം കൊച്ചിയുടെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കെഎംആർഎൽ മുന്നോട്ടു പോകുന്നതെന്ന് ഏലിയാസ് ജോർജ് പറഞ്ഞു. ഭൂമിയുടെ ദൗർലഭ്യം കാരണം നഗരത്തിൽ റോഡ് വികസനം കാര്യമായി സാധ്യമല്ലാത്തതിനാൽ ജലഗതാഗതം വികസിപ്പിക്കാനാണ് ശ്രമം. യൂണിഫൈഡ് മെട്രോപ്പോളിറ്റൻ ട്രാൻസ്‌പോർട് അഥോറിട്ടിയാണ് സമഗ്ര പൊതു ഗതാഗത ശൃംഖലയ്ക്ക് രൂപം നൽകുന്നത്. 747.28 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സമഗ്ര ജലഗതാഗത പദ്ധതിയുടെ ഭാഗമായി പതിനാലിടങ്ങളിലേക്ക് ബോട്ട് സർവീസ് ആരംഭിക്കുന്നതാണ്. 38 ജെട്ടികൾ ഇതിന്റെ ഭാഗമായി നിർമ്മിക്കും. 2019ന് മുൻപ് ഈ പദ്ധതി പൂർണമായും നടപ്പാക്കും. എം.ജി. റോഡ് സൗന്ദര്യവത്ക്കരണം, ഹോസ്പിറ്റൽ റോഡ് നവീകരണം, എളംകുളം മെട്രോ സ്റ്റേഷനെ സുഭാഷ് ബോസ് റോഡുമായി ബന്ധിപ്പിക്കുന്ന പ്രൊജക്ട്, പനമ്പിള്ളി നഗർ കനാൽ തീരത്ത് ജോഗിങ് ട്രാക്ക്, പാർക്കിംഗ് ഏരിയ, കോഫി കിയോസ്‌ക്, ഇടപ്പള്ളിയിൽ മൾട്ടി മോഡൽ ഹബ് എന്നിവയും മെട്രോയുടെ ഭാഗമായി നടപ്പാക്കുമെന്ന് ഏലിയാസ് ജോർജ് പറഞ്ഞു.

ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് ഫസൽ അലി, കേരള ഘടകം ചെയർമാൻ ആർ. രാജേഷ്, കൊച്ചി സെന്റർ ചെയർമാൻ മനോജ് മാത്യു ആലുവ സെന്റർ ചെയർമാൻ അബുദുൾ ഫൈസി, കൊടുങ്ങല്ലൂർ സെന്റർ ചെയർമാൻ അബ്ദുൾ ജബ്ബാർ എന്നിവരും പ്രസംഗിച്ചു.