മാൾ ഓഫ് ട്രാവൻകൂറിൽ കാർണിവൽ മൾട്ടിപ്ലെക്‌സ്

Posted on: October 27, 2015

Carnival-Cinemas-TVM-Big

തിരുവനന്തപുരം : മലബാർ ഗ്രൂപ്പ് തിരുവനന്തപുരത്ത് നിർമ്മിക്കുന്ന മാൾ ഓഫ് ട്രാവൻകൂറിൽ കാർണിവൽ മൾട്ടിപ്ലെക്‌സ്. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ കാർണിവൽ ഗ്രൂപ്പ് ഡയറക്ടറും സിഇഒയുമായ പി.വി. സുനിലും മലബാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഒ. അഷറും ഒപ്പുവച്ചു.

എയർപോർട്ട് റോഡിൽ ഇഞ്ചയ്ക്കലിൽ അനന്തപുരി ആശുപത്രിക്കു സമീപം ആറേക്കറിലാണ് മാൾ ഓഫ് ട്രാവൻകൂർ ഉയരുന്നത്. മൂന്ന് നിലകളുള്ള മാളിലെ കാർണിവൽ മൾട്ടിപ്ലെക്‌സിൽ ഏഴു സ്‌ക്രീനുകളുണ്ടാകും. 1600 സീറ്റുകളുള്ള മൾട്ടിപ്ലെക്‌സിലെ രണ്ടെണ്ണം വിഐപി സ്‌ക്രീനുകളായിരിക്കും. മന്ത്രിമാർ, രാഷ്ട്രീയ പ്രമുഖർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് പ്രാധാന്യം നൽകുന്നവയാണ് ഈ വിഐപി സ്‌ക്രീനുകൾ.

ടുകെ പ്രൊജക്ഷൻ ലൈൻ, ഫോർ കെ പ്രൊജക്ഷൻ ലൈൻ എന്നിവയും ഈ മൾട്ടിപ്ലെക്‌സിന്റെ പ്രത്യേകതയാണ്. അറ്റ്‌മോസ് ശബ്ദ സംവിധാനവും ഉണ്ടാവും. ചാരിയിരുന്നും കിടന്നും സിനിമ ആസ്വദിക്കുന്നതിനുതകുന്ന ഇരിപ്പിടങ്ങൾക്കൊപ്പം ബ്ലാങ്കറ്റുകളുമുണ്ടാകും. ഹോം ഡെലിവറി ടിക്കറ്റും പിക് അപ് ആൻഡ് ഡ്രോപ് സൗകര്യവുമുണ്ടായിരിക്കും. 2017 ആദ്യ മാൾ പ്രവർത്തനമാരംഭിക്കും.

ചടങ്ങിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി. അഹമ്മദ്, ഡയറക്ടർ സുബൈദ അഹമ്മദ്, ആർക്കിടെക്റ്റ് ടോണി ജോസഫ് കൈനടി, മലബാർ ഗ്രൂപ്പ് ഇന്റർനാഷണൽ ഓപറേഷൻസ് എംഡി ഷംലാൽ അഹമ്മദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.