ക്രെഡായ് കൊച്ചി പുതിയ ഭാരവാഹികൾ ചുമതലയേറ്റു

Posted on: June 1, 2013

പരിസ്ഥിതിയെ തകർക്കുന്ന യാതൊരു വികസന പദ്ധതികൾക്കും സർക്കാർ കൂട്ടുനിൽക്കില്ലെന്നും പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് മന്ത്രി കെ. ബാബു. എന്നാൽ ജനങ്ങൾക്കും സംസ്ഥാനത്തിനും ഗുണകരമാകുന്ന ഒരു പദ്ധതിയും പരിസ്ഥിതിയുടെ പേരിൽ തടസപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രെഡായ് കൊച്ചിയുടെ പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലിന്യ സംസ്‌കരണം സംസ്ഥാനത്ത് കനത്ത വെല്ലുവിളിയുയർത്തുന്ന വിഷയമാണെന്നും ഇതിനായി മാതൃകാപരമായ ഒരു പദ്ധതി നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സർക്കാർ ഇതിന് മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ക്രെഡായിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് നിർമ്മാണ വ്യവസായവും റിയൽ എസ്റ്റേറ്റ് രംഗവും പഴയ പ്രതാപം വീണ്ടെടുത്തിട്ടില്ല. ഈ മേഖലയിലെ പ്രശ്‌നങ്ങൾ സർക്കാരിന് ബോധ്യമുണ്ട്. ബിൽഡിംഗ് റൂളിലെ പരിഷ്‌ക്കാരങ്ങൾ കൊച്ചിക്ക് വേണ്ടവിധത്തിൽ ഗുണകരമായിട്ടില്ലെന്നും ബന്ധപ്പെട്ട വകുപ്പ് ഇത് പരിശോധിച്ച് വരികയാണെന്നും അനുകൂലമായ തീരുമാനം ഉടൻ പ്രതീക്ഷിക്കാമെന്നും മന്ത്രി കെ. ബാബു പറഞ്ഞു.

ബെന്നി ബഹനാൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. ക്രെഡായ് ദേശീയ പ്രസിഡന്റ് ശേഖർ റെഡ്ഡി സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നോയൽ ബിൽഡേഴ്‌സ് മേധാവി ജോൺ തോമസ് പ്രസിഡന്റായുള്ള പുതിയ ഭാരവാഹികൾ ചടങ്ങിൽ ചുമതലയേറ്റെടുത്തു. ആന്റണി കുന്നേൽ, അബ്ദുൾ അസീസ്, ജോൺ തോമസ്, പോൾ രാജ് തുടങ്ങിയവർ സംബന്ധിച്ചു.