എൻജിനീയേഴ്‌സ് ദിനാഘോഷങ്ങൾ സമാപിച്ചു

Posted on: September 27, 2015

Engineers-Day-Closing-Inaug

കൊച്ചി : ഫെഡറേഷൻ ഓഫ് രജിസ്റ്റേഡ് എൻജിനീയേഴ്‌സ് അസോസിയേഷൻസ് (ഫോഴ്‌സ്) ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എൻജിനീയേഴ്‌സ് ദിനാഘോഷങ്ങൾസമാപിച്ചു. നിർമ്മാണവ്യവസായരംഗത്തുള്ള 550 എൻജിനീയർമാർ പരിപാടികളിൽ പങ്കെടുത്തു.

ഹൈബി ഈഡൻ എം എൽ എ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. കൊച്ചിയുടെ എൻജിനീയറിംഗ് വൈദഗ്ദ്ധ്യം സംസ്ഥാനത്തിന്റെ വിവിധ എൻജിനീയറിംഗ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നു പൊതുമരാമത്തു സെക്രട്ടറി ശ്രീ എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ് പറഞ്ഞു. കൊച്ചി നഗരത്തിന്റെ വികസനത്തിലും ഫോഴ്‌സ് പോലുള്ള സംഘടനകൾക്കു വലിയ പങ്കു വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു

നിർമ്മിതികളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഉത്തരവാദപ്പെട്ടിരിക്കുന്നത് സിവിൽ എൻജിനീയർ മാത്രമാണെന്നു ഫോഴ്‌സ് പ്രസിഡന്റ് ഡോ.അനിൽ ജോസഫ് ഭരണകൂടത്തെ ഓർമ്മിപ്പിച്ചു. പാർലമെന്റിൽ എൻജിനീയേഴ്‌സ് ബിൽ പാസാക്കണമെന്നും കെട്ടിടങ്ങളുടെ സുരക്ഷിതവും ഈടും ഉറപ്പാക്കുന്നതിനു ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ മാതൃകയിൽ സ്റ്റെബിലിറ്റി ഇൻസ്‌പെക്ടറേറ്റ് സ്ഥാപിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

എൻജിനീയറിംഗ് കൂട്ടായ്മയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്കു നിർണായക സംഭാവനകൾ നൽകിയ മുതിർന്ന എൻജിനീയർമാരായ ടി ആർ കൃഷ്ണൻ, ഡോ.ബാബു ടി ജോസ്, ഇ കുര്യൻ മാത്യു, ജെയിംസ് പോൾ, ഡോ.പി കെ അരവിന്ദൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അപ്കമിംഗ് എൻജിനീയർ ബിൽഡർ ഓഫ് ദ ഇയർ അവാർഡ് ക്ലാസിക് ബിൽഡേഴ്‌സിന്റെ കെ ടി മാത്യുവിനു സമ്മാനിച്ചു.