അസറ്റ് ഹോംസിന് ക്രിസിൽ ഡിഎ2 റേറ്റിംഗ്

Posted on: August 14, 2015

Asset-Homes-Crisil-Rating-B

കൊച്ചി : അസറ്റ് ഹോംസിനു ക്രിസിൽ ഡിഎ2 റേറ്റിംഗ് ലഭിച്ചു. കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ നടന്ന ചടങ്ങിൽ അസറ്റ് ഹോംസിന്റെ ബ്രാൻഡ് അംബാസഡർ നടൻ പൃഥ്വിരാജ് ക്രിസിൽ റിയൽ എസ്റ്റേറ്റ് റേറ്റിംഗ് ഡയറക്ടർ സുധീർ നായരിൽ നിന്നു ഡിഎ2 അംഗീകാരപത്രം ഏറ്റുവാങ്ങി. പൃഥ്വിരാജിനെ ബ്രാൻഡ് അംബാസഡർ ആയി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ വി. സുനിൽകുമാർ നടത്തി.

പല ബിൽഡർമാരേയും പരിചയമുണ്ടെങ്കിലും പ്രഫഷണലിസവും ദൂരക്കാഴ്ചയുമുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്താണു അസറ്റ് ഹോംസുമായി സഹകരിക്കാൻ തീരുമാനിച്ചതെന്നു പൃഥ്വിരാജ് പറഞ്ഞു. റിയൽ എസ്റ്റേറ്റ് പദ്ധതികൾ നിർദിഷ്ട ഗുണനിലവാരത്തിലും സമയത്തിനുള്ളിലും നടപ്പാക്കാനും കൃത്യമായ പ്രമാണമടക്കമുള്ള രേഖകൾ കൈമാറാനുമുള്ള ഡെവലപ്പറുടെ കഴിവ് വളരെ മികച്ചതായിരിക്കുമ്പോഴാണ് ക്രിസിൽ ഡിഎ2 റേറ്റിംഗ് നൽകുന്നതെന്നു സുധീർ നായർ പറഞ്ഞു.

മലയാളവർഷ പിറവിയുടെ ആദ്യ മാസമായ ചിങ്ങം (ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 17 വരെ) ഗ്രേറ്റ് ഫെസ്റ്റിവൽ ഓഫ് ന്യൂ അഡ്രസസ് ആയി ആഘോഷിക്കുമെന്നു അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ വി. സുനിൽകുമാർ അറിയിച്ചു. “ഇതിന്റെ ഭാഗമായി ഏഴു പുതിയ പദ്ധതികൾ നടപ്പിലാക്കും. 1,000 കോടിയിലേറെ രൂപ മുതൽമുടക്കിൽ 20 ലക്ഷം ചതുരശ്ര അടിയിൽ 1500-ഓളം അപ്പാർട്ട്‌മെന്റുകളാണു നിർമിക്കുക.

തിരുവനന്തപുരത്ത് രണ്ടു പദ്ധതികളും എറണാകുളത്ത് അഞ്ചു പദ്ധതികളുമാണ് ഉടൻ അവതരിപ്പിക്കുന്നത്. സംസ്ഥാനത്തെ ആദ്യ ശിശു-സൗഹാർദ പദ്ധതിയായ തിരുവനന്തപുരം കഴക്കൂട്ടത്തെ ഓർക്കസ്ട്ര, വട്ടപ്പാറയിൽ ബ്യൂമോണ്ട്, എറണാകുളം തോപ്പുംപടിയിലെ ജെനസിസ്, കാക്കനാട്ട് പെറ്റൽസ്, കടവന്ത്രയിൽ ലുമിനേയ്ർ, മരടിൽ കാൻവാസ്, കിഴക്കമ്പലത്ത് പ്ലേ എന്നിവയാണ് പുതിയ പദ്ധതികൾ.

കിഴക്കമ്പലത്ത് സ്‌പോർട്‌സ് പ്രമേയമാക്കിയാണ് അസറ്റ് പ്ലേ എന്ന മെഗാ ടൗൺഷിപ് പദ്ധതി നടപ്പാക്കുക. കളിയിടങ്ങൾ, ഒളിമ്പിക് സൈസ് പൂൾ, ഹെൽത്ത് ക്ലബ് തുടങ്ങി മാനസികവും കായികവുമായ എല്ലാ ഉല്ലാസങ്ങൾക്കുമുള്ള സംവിധാനങ്ങളോടെയാണ് എട്ട് ഏക്കറിൽ അസറ്റ് പ്ലേ നിർമിക്കുന്നത്. ആറു ടവറുകളിലായി 900-ഓളം യൂണിറ്റുകളോടെ കേരളത്തിലെ തന്നെ ഏറ്റവും വലിയ മെഗാ ടൗൺഷിപ്പ് പദ്ധതികളിലൊന്നാകും അസറ്റ് പ്ലേ. നിർമാണം പൂർത്തിയാക്കിയ കോട്ടയത്തെ സഫയർ, കൊച്ചിയിലെ ഓഷ്യൻ ഗ്രോവ്, കണ്ണൂരിലെ ഹാൾമാർക്ക് എന്നീ മൂന്നു ഭവനപദ്ധതികൾ ഈ മാസം ഉടമകൾക്ക് കൈമാറുമെന്നും വി. സുനിൽ കുമാർ പറഞ്ഞു.