ബ്രോനെറ്റ് ഗ്രൂപ്പ്

Posted on: December 19, 2014

Bronet-Press-Conference-Big

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രോനെറ്റ് ഗ്രൂപ്പ് അടുത്ത മൂന്നു വർഷത്തിനുള്ളിൽ കേരളത്തിൽ 200 കോടി രൂപയുടെ മുതൽമുടക്കിന് ഒരുങ്ങുന്നു. മിഡിൽഈസ്റ്റ്, സിംഗപ്പൂർ, ഹോങ്കോംഗ് എന്നിവിടങ്ങളിലായി ഐടി, ടെലികോം, ഹെൽത്ത്‌കെയർ മേഖലകളിലാണ് ബ്രോനെറ്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ. കോഴിക്കോട് സ്വദേശികളായ ഹാരിസ് കെ.പി, സഹീർ കെ.പി, അബ്ദുൾ നസീർ കെ.പി. എന്നിവരാണ് ബ്രോനെറ്റ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്.

ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ഒരു ലക്ഷത്തിൽപ്പരം ചതുരശ്രയടി വിസ്തൃതിയിൽ അന്തർദേശീയ നിലവാരത്തിൽ രൂപകല്പന ചെയ്ത ഫർണിച്ചറുകളുടെയും ഗൃഹാലങ്കാര സാമഗ്രികളുടെയും ഷോറൂം – സ്‌റ്റോറീസ് ആരംഭിക്കുമെന്ന് ചെയർമാൻ ഹാരിസ് കെ. പി. പറഞ്ഞു. 25 കോടി രൂപ മുതൽമുടക്കി ആരംഭിക്കുന്ന ഷോറൂം ജനുവരി അവസാനത്തോടെ പ്രവർത്തനസജ്ജമാകും. സ്റ്റോറീസിന്റെ ലോഗോ പ്രകാശനം സിനിമ താരം ജോയ് മാത്യു നിർവഹിച്ചു. കൊച്ചി, ബംഗലുരു, ചെന്നൈ, പൂണെ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ബ്രോനെറ്റ് ഗ്രൂപ്പ് ലക്ഷ്യമിടുന്നു.

Bronet-Group-Logo-Release-B

ബ്രോനെറ്റ് ഗ്രൂപ്പ് കഴിഞ്ഞ മൂന്നു നാല് വർഷങ്ങളായി കേരളത്തിൽ ചെറിയ രീതിയിൽ പ്രവർത്തിച്ചുവരികയായിരുന്നു. അനുകൂല സാഹചര്യം കണക്കിലെടുത്താണ് വൻതോതിലുള്ള നിക്ഷേപവുമായി രംഗത്തുവരുന്നതെന്ന് ഹാരിസ് പറഞ്ഞു.

ഓപ്പൺ മെഡിസിൻ എന്ന പേരിൽ മെഡിക്കൽ ഷോപ്പുകളുടെ ശൃംഖല വ്യാപിപ്പിക്കുന്നതിനും ബ്രോനെറ്റ് ഗ്രൂപ്പിന് പദ്ധതിയുണ്ട്. നിലവിൽ 10 ഓപ്പൺ മെഡിസിൻ ഷോപ്പുകളാണുള്ളത്. 350 മെഡിക്കൽ ഷോപ്പുകളാണ് ലക്ഷ്യം. കോഴിക്കോട് ഫർണിച്ചർ നിർമാണ സൗകര്യം വിപുലപ്പെടുത്തുമെന്ന് ബ്രോനെറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സഹീർ കെ. പി. പറഞ്ഞു.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സംഘടിത ഫർണിച്ചർ വിപണിയിൽ സ്റ്റോറീസിന് മികച്ച വിപണിവിഹിതം നേടാനാകുമെന്ന് മറ്റൊരു മാനേജിംഗ് ഡയറക്ടറായ അബ്ദുൾ നസീർ കെ. പി. പറഞ്ഞു.