തോമസ് ജേക്കബിനും പി.പി ശശീന്ദ്രനും മാധ്യമ പുരസ്‌കാരം

Posted on: November 22, 2018

ദുബായ് : യു എ ഇ എക്‌സ്‌ചേഞ്ചും ചിരന്തന കലാസാംസ്‌കാരിക വേദിയും ചേര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.വി വിവേകാനന്ദന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ മാധ്യമ വ്യക്തിത്വ പുരസ്‌കാരത്തിന് മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറും കേരള പ്രസ് അക്കാദമി മുന്‍ അധ്യക്ഷനുമായ തോമസ് ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയും ഉപഹാരവുമാണ് പുരസ്‌കാരം.

ഗള്‍ഫിലെ മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരങ്ങളില്‍ അച്ചടി മാധ്യമരംഗത്തെ പുരസ്‌കാരത്തിന് മാതൃഭൂമി മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് പി.പി ശശീന്ദ്രന്‍ അര്‍ഹനായി. ഇംഗ്ലീഷ് മാധ്യമങ്ങളിലെ മികച്ച ഇന്ത്യന്‍ പത്രപ്രവര്‍ത്തകനുള്ള വി.എം സതീഷ് സ്മാരക പുരസ്‌കാരത്തിന് ഗള്‍ഫ് ന്യൂസിലെ ബിന്‍സാല്‍ അബ്ദുള്‍ഖാദറും റേഡിയോ ജേണലിസ്റ്റിനുള്ള രാജീവ് ചെറായി പുരസ്‌കാരത്തിന് ഏഷ്യാനെറ്റ് റേഡിയോയിലെ ജസിത സംജിതും തെരഞ്ഞെടുക്കപ്പെട്ടു.

ടെലിവിഷന്‍ ജേണലിസത്തില്‍ മീഡിയ വണ്ണിലെ ഷിനോജ് ഷംസുദ്ദീനും ഓണ്‍ലൈന്‍ ജേണലിസത്തില്‍ ഏഷ്യാവിഷന്‍ പോര്‍ട്ടലുകളുടെ ചീഫ് എഡിറ്റര്‍ നിസ്സാര്‍ സെയ്ദും പുരസ്‌കാരം നേടി. ഗള്‍ഫ് ടുഡേ പത്രത്തിലെ കമാല്‍ കാസിം മികച്ച ഫോട്ടോ ജേണലിസ്റ്റായും എന്‍ ടി വി യിലെ അലക്‌സ് തോമസ് മികച്ച വീഡിയോ ജേണലിസ്റ്റായും തെരഞ്ഞെടുക്കപ്പെട്ടു. കാല്‍ ലക്ഷം രൂപയും ഉപഹാരവുമാണ് ഈ വിഭാഗത്തിലെ ജേതാക്കള്‍ക്കുള്ള അവാര്‍ഡ്. ഡിസംബര്‍ ആറിന് രാത്രി ഏഴിന് ഷാര്‍ജ അല്‍ റയാന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

യു എ ഇ എക്‌സ്‌ചേഞ്ച് മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ കെ.കെ മൊയ്തീന്‍ കോയയും ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലിയും ദുബായിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ചിരന്തന ഭാരവാഹികളായ ഡോ.വി.എ ലത്തീഫ്, സി.പി ജലീല്‍, ടി.പി അഷ്‌റഫ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.