പ്രശാന്ത് – പ്രമോദ് സഹോദരന്മാര്‍ക്ക് അറേബ്യന്‍ ബിസിനസ് അച്ചീവ്‌മെന്റ് അവാര്‍ഡ്

Posted on: November 16, 2018

ദുബായ് : അറബ് ലോകത്തെ വ്യവസായ-വാണിജ്യ മണ്ഡലങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്ക് നല്‍കുന്ന അറേബ്യന്‍ ബിസിനസ് അച്ചീവ്‌മെന്റ് അവാര്‍ഡ് മലയാളി സഹോദരങ്ങള്‍ക്ക്. പാലക്കാട് നെന്മാറ സ്വദേശികളായ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടുമാണ് ഈ നേട്ടത്തിന് അര്‍ഹരായത്.

ഡോ. ബി ആര്‍ ഷെട്ടിയുടെ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇരുവരും. പ്രശാന്ത് എന്‍ എം സി ഹെല്‍ത്തിന്റെ സി ഇ ഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്. പ്രമോദ് ഫിനാബ്ലര്‍ ഹോല്‍ഡിംഗ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും യു എ ഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്റെ സി ഇ ഒയുമാണ്. സ്ഥാപനങ്ങളെ ചെറിയ കാലയളവു കൊണ്ട് ആഗോളതലത്തില്‍ വ്യാപിപ്പിക്കുകയും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്ത കര്‍മശേഷിയെ മാനിച്ചാണ് അവാര്‍ഡിന് രിരഞ്ഞെടുത്തത്. ദുബായിലെ വാല്‍ഡോഫ് അസ്റ്റോറിയ ദി പാം ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രശാന്തും പ്രമോദും ഐ റ്റി പി മീഡിയ ഗ്രൂപ്പ്
സി ഇ ഒ അലി അക്കാവിയില്‍ നിന്ന് പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി.

പ്രവര്‍ത്തിക്കാന്‍ കഴിവും മനസുമുള്ള ജീവനക്കാരെ പരമാവധി പ്രോത്സാഹിപ്പിക്കാന്‍ ഡോ. ഷെട്ടി പുലര്‍ത്തുന്ന ശ്രദ്ധയാണ് ഇപ്പോഴുള്ള നേട്ടങ്ങള്‍ക്ക് കാരണമെന്ന് പ്രശാന്തും പ്രമോദും പ്രതികരിച്ചു.