പതഞ്ജലിയും അബുദാബി വെജിറ്റബിള്‍ ഓയില്‍ കമ്പനിയും തമ്മില്‍ വ്യാപാര ധാരണ

Posted on: November 7, 2018

അബുദാബി : മധ്യേ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ഭക്ഷ്യ എണ്ണ വിപണി ലക്ഷ്യമാക്കി, ഡോ. ബി. ആര്‍. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള അബുദാബി വെജിറ്റബിള്‍ ഓയില്‍ കമ്പനിയും (അഡ് വോക്) ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നായ പതഞ്ജലിയും കൈകോര്‍ക്കുന്നു. ഇരു ബ്രാന്‍ഡുകളുടേയും ഉത്പന്നങ്ങള്‍ തദ്ദേശീയമായി നിര്‍മിച്ച് ഉപഭോക്താക്കളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ കമ്പനിയായ പതഞ്ജലി ആയുര്‍വേദ് ഭക്ഷ്യോത്പന്ന മേഖലയിലേക്ക് ചുവടുവയ്ക്കുന്നത് ഇതാദ്യമായാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള സണ്‍ഫ്‌ളവര്‍ ഓയില്‍, കോണ്‍ ഓയില്‍, കനോല ഓയില്‍ എന്നിങ്ങനെ പ്രധാന പാചക എണ്ണ ഉത്പന്നങ്ങള്‍ 750 മില്ലി, 1.8 ലിറ്റര്‍, 5 ലിറ്റര്‍ അളവുകളില്‍ മികച്ച പാക്കിംഗില്‍ പതഞ്ജലിയുടെ ബ്രാന്‍ഡില്‍ നവംബര്‍ മുതല്‍ ലഭ്യമാകും. അന്താരാഷ്ട്ര നിലവാരമുള്ള ഭക്ഷ്യ എണ്ണകള്‍ മിതമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് നല്കുക വഴി ഗള്‍ഫില്‍ പതഞ്ജലി പുതിയ ഒരു അധ്യായം തുറക്കുകയാണെന്ന് പതഞ്ജലി സഹസ്ഥാപകനും യോഗ ഗുരുവുമായ ബാബാ രാംദേവ് പറഞ്ഞു.

ഡോ. ബി. ആര്‍. ഷെട്ടിയുടെ നേതൃത്വത്തിലുള്ള അബുദാബി വെജിറ്റബിള്‍ ഓയില്‍ കമ്പനിയുമായുള്ള സഹകരണം ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ ഉറപ്പുവരുത്താന്‍ പതഞ്ജലിയെ സഹായിക്കുമെന്ന് ഇന്റര്‍നാഷണല്‍ ബിസിനസ് ഹെഡ് ഡോ. ഡി.കെ. മേത്ത അഭിപ്രായപ്പെട്ടു. ഗള്‍ഫില്‍ പതഞ്ജലിയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ അഡ് വോക്കിന് ഏറെ സന്തോഷമുണ്ടെന്നും എല്ലായ്പ്പോഴും ഗുണനിലവാരമുള്ള ഭക്ഷ്യോത്പന്നങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നതില്‍ പതഞ്ജലിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്നും ബിആര്‍എസ് വെഞ്ച്വഴ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ബി.ആര്‍. ഷെട്ടി അഭിപ്രായപ്പെട്ടു.

TAGS: Advoc | B R Shetty | Patanjali |