ദുബായ് ഷോപ്പിംഗ് ഫെസ്റ്റ് ഡിസംബര്‍ 26 മുതല്‍

Posted on: October 5, 2018

ദുബായ് : ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബര്‍ 26 – ന് കൊടിയേറും. 30 ദിവസം നീളുന്ന ഷോപ്പിംഗ് മാമാങ്കം ജനുവരി – 26 ന് സമാപിക്കുമെന്നും ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി എഫ് ആര്‍ ഇ) അറിയിച്ചു. ഷോപ്പിംഗ് വിനോദങ്ങള്‍, സമ്മാനങ്ങള്‍ എന്നീ പ്രധാന മൂന്ന് ചേരുവകളോടെയാണ് മേളയുടെ 24 -ാം പതിപ്പും ഒരുങ്ങുന്നത്.

വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ ദുബായിയുടെ സഥാനമുയര്‍ത്താനും സന്ദര്‍ശകര്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവങ്ങള്‍ നല്‍കാനും പൊതു – സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ മികച്ച സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്ന് ഡി എഫ് ആര്‍ ഇ മേധാവി അഹമ്മദ് അല്‍ ഖാജാ പറഞ്ഞു. വന്‍ വിലക്കുറവും വാഗ്ദാനങ്ങളുമായി പ്രമുഖ ബ്രാന്‍ഡുകളും ആകര്‍ഷകമായ സമ്മാനപദ്ധതികളുമായി ദുബായിലെ പ്രമുഖ മാളുകളും പതിവുപോലെ മേളയുടെ തിളക്കം കൂട്ടും.

ആഡംബരക്കാറുകളും സ്വര്‍ണവും പണവും മറ്റ് വിലപ്പിടിപ്പുള്ള സമ്മാനങ്ങളുമായി മെഗാ റാഫിള്‍ നറുക്കെടുപ്പുകളും നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഒരുക്കുന്ന സാംസ്‌കാരിക പരിപാടികളും കാര്‍ണിവലുകളുംകുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികളും ഇക്കുറിയും സന്ദര്‍ശകരുടെ മനംകവരുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

12 മണിക്കൂര്‍ നീളുന്ന മെഗാ വില്‍പ്പനയോടെയാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടങ്ങുന്നത്. മേളയുടെ ആദ്യ ദിവസം 25 മുതല്‍ 90 ശതമാനം വരെ വിലക്കുറവാകും ലഭിക്കുക.