മലബാര്‍ ഗോള്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലേക്ക്

Posted on: August 1, 2018

ദുബായ് : പ്രമുഖ ജൂവലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) സാങ്കേതിക വിദ്യ സ്വായത്തമാക്കുന്ന ആദ്യത്തെ ആഗോള ഇന്ത്യന്‍ ആഭരണ വ്യാപാര ശൃഖംലയായി മാറുന്നു.

ഡിജിറ്റല്‍ സാങ്കേതിക രംഗത്തെ മുന്‍നിര കമ്പനിയായ ക്യാപ്പിലറി ടെക്‌നോളജീസാണ് മലബാര്‍ ഗോള്‍ഡിന്റെ ഇന്ത്യയിലെയും വിദേശത്തെയും 220 ഷോറൂമുകളുടെ പ്രവര്‍ത്തനങ്ങളെ യോജിപ്പിച്ച്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ബിഗ് ഡേറ്റ സാങ്കേതിക വിദ്യയിലേക്ക് മാറ്റുന്നത്.

ഏകജാലക സംവിധാനത്തിലൂടെ ഉപഭോക്തൃ സേവനമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. ഇതുവഴി ഷോറൂമുകളിലെയും ഓണ്‍ലൈനിലെയും വ്യാപാരങ്ങളില്‍ ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍, അഭിരുചികള്‍, മാര്‍ക്കറ്റ് പ്രവണതകള്‍ എന്നിവ ഒരൊറ്റ സംവിധാനത്തില്‍ നിമിഷ നേരം കൊണ്ട് മനസ്സിലാക്കാനും മെച്ചപ്പെട്ട സേവനം നല്‍കാനും സാധിക്കുമെന്ന് മലബാര്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ (ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ്) എം.പി ഷംലാല്‍ അഹമ്മദ്ദ് പറഞ്ഞു.

ഇന്ത്യക്ക് പുറത്ത് പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് നേടിയെടുത്ത 3.5 കോടി സ്ഥിര ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഒരൊറ്റ സംവിധാനത്തില്‍ കൊണ്ടു വരുമ്പോള്‍ തങ്ങള്‍ക്ക് ഈ രംഗത്ത് മികച്ച സേവനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും ആഗോള ചെറുകിട വ്യാപാര മേഖലയിലെ സേവന സാങ്കേതിക വിദ്യയില്‍ വന്ന കുതിച്ചുചാട്ടം മനസ്സിലാക്കിയാണ് ഈ ചുവടുവെപ്പ് നടത്തുന്നതെന്നും ഷംലാല്‍ അഹമ്മദ്ദ് അറിയിച്ചു.

ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ആവര്‍ത്തിച്ചു സന്ദര്‍ശിക്കുന്ന ഷോറൂമുകള്‍ ആ വിവരങ്ങളും അവരുടെ ആവശ്യങ്ങളും ക്രോഡീകരിച്ച് അപഗ്രഥിക്കുകയും ഉപഭോക്താക്കളുടെ ഗുണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന സംവിധാനമാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ക്യാപ്പിലറി ടെക്‌നോളജീസിന്റെ സി എം ഒ സുനില്‍ സുരേഷ് പറഞ്ഞു.