ബി.ആര്‍ ഷെട്ടി അഫ്ഗാനിസ്താനില്‍ രണ്ട് ആശുപത്രികള്‍ ആരംഭിക്കുന്നു

Posted on: July 25, 2018

അബുദാബി : പ്രമുഖ വ്യവസായി ബി.ആര്‍ ഷെട്ടിയുടെ നേതൃത്വത്തിലുള്ള ബി.ആര്‍.എസ്.വെഞ്ച്വേഴ്‌സ് അഫ്ഗാനിസ്താനിലേക്കും പ്രവര്‍ത്തനം വ്യാപിക്കുന്നു. അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സാന്നിദ്ധ്യത്തില്‍ അഫ്ഗാന്‍ പൊതുജനാരോഗ്യ മന്ത്രി ഡോ.ഫിറോസുദ്ദീന്‍ ഫിറോസും ഡോ.ബി.ആര്‍ ഷെട്ടിയും ഒപ്പുവച്ച ധാരണാപത്രമനുസരിച്ച് കാബൂളില്‍ ശൈഖ്‌സായിദ് ആശുപത്രിയും വസീര്‍ അക്ബര്‍ ഖാന്‍ ആശുപത്രിയും തുടങ്ങാനാണ് പദ്ധതി. ഔഷധ നിര്‍മാണ ശാലയും തുടങ്ങും.

അഫ്ഗാന്‍ ഭരണകൂടവും ബി.ആര്‍.എസ് വെഞ്ച്വേഴ്‌സിന്റെ ഹെല്‍ത്ത് കെയര്‍ നിക്ഷേപവിഭാഗമായ ബി.ആര്‍. എസ് ലൈഫും ചേര്‍ന്ന് സംയുക്ത സംരംഭമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 82 കിടക്കകളുള്ള ശൈഖ് സായിദ് ഹോസ്പിറ്റല്‍ ആദ്യവും 120 കിടക്കകളുള്ള വസീര്‍ അക്ബര്‍ ഖാന്‍ സൂപ്പര്‍ സെപ്ഷ്യാലിറ്റി ഹോസ്പിറ്റല്‍ രണ്ടാംഘട്ടവുമായിട്ടാണ് ഏറ്റെടുത്ത് പ്രവര്‍ത്തനക്ഷമമാക്കുന്നത്.

ഷെട്ടിയുടെ ആരോഗ്യരക്ഷാ രംഗത്തെ പ്രാഗത്ഭ്യവും പരിചയസമ്പത്തും ഉപയോഗപ്പെടുത്തി, ഈ ആശുപത്രികളുടെ പുനര്‍നാമകരണവും സംവിധാന വികസനവും സമ്പൂര്‍ണ നടത്തിപ്പുമാണ് അഫ്ഗാന്‍ സര്‍ക്കാര്‍ ബി.ആര്‍.എസ് വെഞ്ച്വേഴ്‌സിനെ ഏല്‍പിച്ചിരിക്കുന്നത്. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ജന്മശതാബ്ദിതിയില്‍ സായിദ് വര്‍ഷാചാരണ സ്മാരകമായിട്ടാണ് ആദ്യ ആശുപത്രിക്ക് ശൈഖ് സായിദ് ഹോസ്പിറ്റല്‍ എന്നു പേരിട്ടിരിക്കുന്നത്.

TAGS: B R Shetty |