കല്യാൺ ജൂവലേഴ്‌സിനെതിരെ വ്യാജ പ്രചാരണം : 5 പേർക്കെതിരേ നടപടി

Posted on: April 5, 2018

കൊച്ചി : കല്യാൺ ജൂവലേഴ്‌സ് വിറ്റഴിച്ച സ്വർണാഭരണം ശുദ്ധമല്ലെന്നും വ്യാജമാണെന്നും പ്രചരിപ്പിച്ച അഞ്ച് ഇന്ത്യക്കാർക്കെതിരെ സൈബർ നിയമം അനുസരിച്ച് ക്രിമിനൽ നടപടികളെടുക്കാൻ ദുബായ് പോലീസിന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ നിർദ്ദേശം നല്കി. ഇന്റർനെറ്റും സാമൂഹികമാധ്യമങ്ങളും ഉപയോഗപ്പെടുത്തി കല്യാൺ ജൂവലേഴ്‌സിന് എതിരേയുള്ള പ്രചാരണത്തെക്കുറിച്ച് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജവിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണത്തിൽ ഇവരിലൊരാൾകുറ്റം സമ്മതിച്ചു. അപഖ്യാതി പ്രചരിപ്പിച്ച മറ്റുള്ളവർക്കെതിരേ അന്വേഷണം പുരോഗമിക്കുകയാണ്.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് ഇന്റർനെറ്റ് മാധ്യമങ്ങളിലും വലിയ പ്രചാരം ലഭിച്ച വ്യാജപോസ്റ്റിൽ യുഎഇയിലെ കല്യാൺ ജൂവലേഴ്‌സ് ഷോറൂമുകൾ സീൽചെയ്‌തെന്നും ഉടമയെ അറസ്റ്റ്‌ചെയ്‌തെന്നും പ്രചരിപ്പിച്ചിരുന്നു. വ്യാജ വീഡിയോയുംവ്യാജ വാർത്തകളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കല്യാൺ ജൂവലേഴ്‌സ് എൽഎൽസി ദുബായ് പോലീസിന് നല്കിയ പരാതിയിലാണ് നടപടി.