ആസ്റ്റർ വോളണ്ടിയേർസ് സ്‌മൈൽ പ്രോഗ്രാം സംഘടിപ്പിച്ചു

Posted on: March 6, 2018

ദുബായ് : കുട്ടികളുടെ മുഖത്ത് സന്തോഷം വിടർത്തുകയെന്ന ലക്ഷ്യത്തോടെ ആസ്റ്റർ വോളണ്ടിയേർസ് എമിറേറ്റ്‌സ് റെഡ് ക്രെസന്റ് ദുബായിയുമായി കൈകോർത്ത് സ്‌മൈൽ പ്രോഗ്രാം സംഘടിപ്പിച്ചു. സ്‌മൈൽസിന്റെ ഭാഗമായി അർഹരായ 100 കുട്ടികൾക്ക് ആരോഗ്യ പരിരക്ഷയും ചികിത്സയും പ്രദാനം ചെയ്തു.

ഷെയ്ഖ് സായിദിന്റെ നൂറാം ജന്മദിന വേളയിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിർത്താനായി പ്രഖ്യാപിക്കപ്പെട്ട യേർ ഓഫ് സായിദിന് പിന്തുണയർപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി ആവിഷ്‌കരിക്കപ്പെട്ടത്. ലോകമെമ്പാടുമുളള കുട്ടികളുടെ ആരോഗ്യവും ക്ഷേമവും കാത്തുസൂക്ഷിക്കണമെന്ന യുഎഇ രാഷ്ട്രശിൽപിയായ ഷെയ്ഖ് സായിദിന്റെ ദർശനത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് സ്‌മൈൽ വിഭാവനം ചെയ്തത്. സിറിയ, യെമൻ, ഇറാഖ് ഉൾപ്പെടെയുളള സംഘർഷബാധിത പ്രദേശങ്ങളിൽ നിന്നും അനാഥരാക്കപ്പെട്ടവരും രക്ഷിക്കപ്പെട്ടവരുമായ കുട്ടികളെ പ്രത്യേക ക്ഷണത്തോടെ സ്‌മൈൽ റെഡ് ക്രെസന്റ് ഓഫീസ് പരിസരത്തേക്ക് ഒരുമിച്ചുകൂട്ടുകയായിരുന്നു.

പ്രോഗ്രാമിൽ 24 മെഡിക്കൽ-നോൺ മെഡിക്കൽ വോളണ്ടിയേർസ് പങ്കെടുത്തു. സിഎസ്ആർ ഇംപാക്റ്റ് പാർട്ട്ണർ ലൈറ്റ്ഹൗസ് കോഹോർട്ട് പരിപാടിക്ക് പിന്തുണ നൽകി. കുട്ടികൾക്കായി വിവിധ തരത്തിലുളള വിനോദ പരിപാടികളും, കല, കരകൗശല പരിശീലനങ്ങളും വിദ്യാഭ്യാസ സെഷനും ഇവർ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി വിശദമായ ആരോഗ്യ പരിശോധനാ സൗകര്യവും ഒരുക്കിയിരുന്നു. യുഎഇയിലെ ആസ്്റ്റർ, മെഡ്‌കെയർ എന്നീ സ്ഥാപനങ്ങളുടെ സൗകര്യങ്ങളുപയോഗിച്ച് ഇ.എൻ.ടി, ദന്തരോഗ പരിശോധനാ വിഭാഗം, ശിശുരോഗ വിഭാഗം തുടങ്ങിയവയിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും പ്രോഗ്രാമിൽ ലഭ്യമാക്കിയിരുന്നു.