ആസ്റ്റർ സൊമാലിയയിൽ 150,000 സൽമാ ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്തു

Posted on: September 1, 2017

ദുബായ് : ആസ്റ്റർ സൊമാലിയയിലെ ക്ഷാമപ്രദേശങ്ങളിൽ 150,000 ൽ അധികം സൽമാ ഭക്ഷണ പാക്കറ്റുകൾ ബലി പെരുന്നാൾ സമ്മാനമായി വിതരണം ചെയ്തു. ആസ്റ്റർ വോളണ്ടിയർ പ്രോഗ്രാമിന്റെയും ആസ്റ്റർ@30 കാമ്പൈനിന്റെയും ഭാഗമായി രണ്ട് കണ്ടെയ്‌നറുകളിലായി 1.5 ദശലക്ഷത്തിലധികം ദിർഹമിന്റെ ഹലാൽ ഭക്ഷ്യവസ്തുക്കളാണ് സോമാലിയയിൽ എത്തിച്ചിരിക്കുന്നത്.

ദുബൈ ഗവൺമെന്റ്, വഖഫ് ആൻഡ് മൈനേർസ് അഫേർസ് ഫൗണ്ടേഷൻ അൽ ഹയാത്ത് റിലീഫ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് വിതരണം പൂർത്തിയാക്കിയത്. മിഡിൽ ഈസ്റ്റ്, ഇന്ത്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലെ ആസ്റ്റർ ശൃംഖലകളിൽ ജോലിയെടുക്കുന്ന ജീവനക്കാരുടെയും ഡിഎം ഫൗണ്ടേഷന്റെയും ഉദാരമായ സംഭാവനകളിലൂടെയുമാണ് പദ്ധതിക്കായുളള തുക സ്വരൂപിച്ചത്.

ദുബായിൽ നിന്നും ആറ് ആസ്റ്റർ വോളണ്ടിയർമാർ സോമാലിയൻ എൻജിഒ ആയ അൽ ഹയാത്തിനൊപ്പം ബുറാഒയിൽ ഒത്തുചേർന്നാണ് ഭക്ഷ്യവിതരണം പൂർത്തിയാക്കിയത്. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ 2017 ദാന വർഷമായി പ്രഖ്യാപിച്ചതിനോട് പിന്തുണ അറിയിച്ചാണ് ആസ്റ്റർ വോളണ്ടിയേർസ് പദ്ധതി വിഭാവനം ചെയ്യപ്പെട്ടതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ ആസാദ് മൂപ്പൻ പറഞ്ഞു.