നിക്ഷേപം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ-യുഎഇ കോൺഫറൻസ്

Posted on: April 9, 2017

ദുബായ് : ദുബായിൽ സംഘടിപ്പിച്ച രണ്ടാമത് വാർഷിക ഓൾ ഇന്ത്യ മാനേജ്‌മെന്റ്  അസോസിയേഷൻ (എഐഎംഎ) ഇന്ത്യ-യുഎഇ സമ്മേളനത്തിൽ യുഎഇയുടെ കൾച്ചർ & നോളജ് ഡവലപ്‌മെന്റ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ പങ്കെടുത്തു. റീസെറ്റിംഗ് ഗ്ലോബലൈസേഷൻ: കൊളാബ്രേറ്റിംഗ് ഇൻ എ ഫാസ്റ്റ് ചേഞ്ചിംഗ് വേൾഡ് എന്നതായിരുന്നു സമ്മേളനത്തിന്റെ തീം. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാന്റെ രക്ഷാകർത്തൃത്വത്തിനും ഇന്ത്യയിലേയും യുഎഇയിലേയും വ്യാപാരരംഗത്തെ നേതാക്കളെ ഒന്നിച്ച് അണിനിരത്തുന്നതിനും എഐഎംഎ പ്രസിഡന്റ് സുനിൽ കാന്ത് മുഞ്ചാൾ നന്ദി പറഞ്ഞു.

ഇന്ത്യയും യുഎഇയും തമ്മിൽ വ്യാപാരവും നിക്ഷേപവും വർദ്ധിച്ചുവരുന്നതിന് ഇന്ത്യയുടെ യുഎഇയിലെ അംബാസഡർ നവ്ദീപ് സിംഗ് സുരി അഭിനന്ദനം രേഖപ്പെടുത്തി. എൻഎംസി ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായി ബി.ആർ. ഷെട്ടി, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഫൗണ്ടർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, മുബാദല ഹെൽത്ത്‌കെയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുഹൈൽ മഹ്മൂദ് അൽ അൻസാരി, ഡോ. ലാൽ പാത്‌ലാബ്‌സ് സിഎംഡി അരവിന്ദ് ലാൽ, യെസ്ബാങ്ക് സിഎഫ്‌യുഐബി ഗ്ലോബൽ ഹെഡും ഗ്രൂപ്പ് പ്രസിഡന്റുമായി പുനീത് മാലിക് എന്നിവർ പ്രസംഗിച്ചു.

ബാങ്കിംഗ്, ഫിനാൻഷ്യൽ മേഖലയിലെ മാറ്റങ്ങളും സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യകളും സംബന്ധിച്ച സമ്മേളനത്തിൽ ബ്ലോക്ക്‌ചെയിൻ, റോബോട്ട് ഫിനാൻസ്, ഡിജിറ്റൈസേഷൻ എന്നിവയെക്കുറിച്ച് വിദഗ്ധ ചർച്ചകൾ നടന്നു. എഐഎംഎ പ്രസിഡന്റും ഹീറോ കോർപറേറ്റ് സർവീസസ് ചെയർമാനുമായ സുനിൽകാന്ത് മുഞ്ചാൾ, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ അതോറിറ്റി സിഇഒ ആരിഫ് അമിരി, എഐഎംഎ സീനിയർ വൈസ് പ്രസിഡന്റും മണിപ്പാൽ ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസസ് ചെയർമാനുമായ ടി.വി. മോഹൻദാസ് പൈ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ്, യുഎഇ ഇന്റീരിയർ മിനിസ്ട്രിയിലെ എജ്യൂക്കേഷൻ ട്രെയിനിംഗ് ഡവലപ്‌മെന്റ് ഡിജി തയേബ് എ. കമാലി എന്നിവർ പ്രസംഗിച്ചു.

റീട്ടെയ്ൽ രംഗത്തെക്കുറിച്ചുള്ള ചർച്ചകൾ സാങ്കേതികവിദ്യയും പുതിയ കണ്ടുപിടുത്തങ്ങളും ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. നികായ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ പരസ് ഷഹ്ദാദ്പുരി, ദുബായ് ഡ്യൂട്ടി ഫ്രീ സിഒഒ രമേഷ് സിദാംബി, കെപിഎംജി ഇൻ ഇന്ത്യ ഡപ്യൂട്ടി സിഇഒ അഖിൽ ബൻസാൽ എന്നിവർ പ്രസംഗിച്ചു.