യുഎഇ-ഇന്ത്യ ബിസിനസ് ലീഡേഴ്‌സ് ഫോറത്തിന് രൂപം നൽകി

Posted on: March 11, 2017

ദുബായ് : യുഎഇയിലെ ഇന്ത്യൻ എംബസി, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്, യുഎഇയിലെ ഇക്കണോമി മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിൽ ബിസിനസ് ലീഡേഴ്‌സ് ഫോറത്തിന് (ബിഎൽഎഫ്) രൂപം നല്കി. ഇന്ത്യ ട്രേഡ് ആൻഡ് എക്‌സിബിഷൻ സെന്ററായി (ഐടെക്) രിക്കും ഔദ്യോഗിക സെക്രട്ടേറിയററ്. യുഎഇയിലെ ഇന്ത്യൻ അംബാസഡർ അല്ലെങ്കിൽ കോൺസൽ ജനറൽ ഓഫ് ഇന്ത്യ, യുഎഇ ഇക്കണോമി മന്ത്രാലയത്തിലെ ഫോറിൻ ട്രേഡ് ആൻഡ് ഇൻഡസ്ട്രി അണ്ടർ സെക്രട്ടറി എന്നിവരാണ് ബിഎൽഎഫിന്റെ രക്ഷാധികാരികൾ.

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനാണ് ബിഎൽഎഫിന്റെ പ്രസിഡന്റ്. യുഎഇയിലെ ഇന്ത്യൻ ബിസിനസ് മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളായ ഡോ. റാം ബക്‌സാനി – സീനിയർ വൈസ് പ്രസിഡന്റും പരസ് സഹദാപുരി, സുധീർ ഷെട്ടി – വൈസ് പ്രസിഡന്റുമാരുമായിരിക്കും. ഐടെക്കിന്റെ ഡയറക്ടർ ജനറലായ ശ്രീപ്രിയ കുമാരിയ ആയിരിക്കും ബിഎൽഎഫിന്റെ സെക്രട്ടറി ജനറൽ. ഐടെക് ചെയർമാൻ സുധേഷ് അഗർവാൾ ബിഎൽഎഫിന്റെ ബോർഡ് അംഗമായിരിക്കും. ബിഎൽഎഫ് ഭാരവാഹികൾക്ക് പുറമെ യുഎഇയിലെ ഇന്ത്യൻ അംബാസഡർ നവദീപ് സിംഗ് സുരി, ഇന്ത്യയുടെ കോൺസൽ ജനറൽ അനുരാഗ് ഭൂഷൺ, യുഎഇയിലെ ഇക്കണോമി മന്ത്രാലയത്തിൽ ഫോറിൻ ട്രേഡ് ആൻഡ് ഇൻഡസ്ട്രി അണ്ടർ സെക്രട്ടറി അബ്ദുള്ള അൽ സലേഹ്, യുഎഇ ഇന്റർനാഷണൽ ഇൻവെസ്‌റ്റേഴ്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ ജമാൽ സെയ്ഫ് അൽ ജാർവാൻ എന്നിവർ പങ്കെടുത്തു.

ബിസിനസ് ലീഡേഴ്‌സ് ഫോറം തുടങ്ങുക എന്നതിനൊപ്പം യുഎഇയിലെ ഇന്ത്യൻ അംബാസിഡർ നവദീപ് സിംഗ് സുരിക്ക് സ്വാഗതമേകാനും ബിഎൽഎഫിന്റെ രൂപീകരണത്തിന് പ്രധാന പങ്കുവഹിച്ച സ്ഥലം മാറിപ്പോകുന്ന കോൺസൽ ജനറൽ അനുരാഗ് ഭൂഷണ് നന്ദി പറയാനുമാണ് ബിഎൽഎഫ് സമ്മേളനമെന്ന് ബിഎൽഎഫ് സെക്രട്ടറി ജനറൽ ശ്രീപ്രിയ കുമാരിയ ചൂണ്ടിക്കാട്ടി.

യുഎഇയിലെ വ്യാപാര, വ്യവസായരംഗത്തിന് നേതൃത്വം നല്കുന്ന യുഎഇയിലെയും ഇന്ത്യയിലെയും ബിസിനസ് നേതാക്കൾക്ക് ഇടപഴകുന്നതിനും ആശയങ്ങൾ കൈമാറുന്നതിനുമുള്ള വേദിയായിരിക്കും ബിഎൽഎഫ് എന്ന് പ്രസിഡന്റ് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരവും നിക്ഷേപങ്ങളും വർദ്ധിപ്പിക്കുന്നതിനും ഇന്ത്യയിലെയും യുഎഇയിലെയും നിക്ഷേപകർക്ക് അവരുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിനുമുള്ള ഏകജാലക സംവിധാനമായിരിക്കും ബിഎൽഎഫ്. ഒരു ബില്യൺ ദിർഹത്തിന്റെ നിക്ഷേപ കൺസോർഷ്യം രൂപീകരിക്കുന്നതിന് ബിഎൽഎഫ് നേതൃത്വം നല്കുമെന്ന് അദേഹം പറഞ്ഞു.

കുറഞ്ഞ സമയത്തിനുള്ളിൽ വ്യക്തമായ കാഴ്ചപ്പാടോടെ രൂപം നല്കിയ ബിഎൽഎഫിന് ഇന്ത്യൻ അംബാസഡർ നവദീപ് സിംഗ് സൂരിയും ഇന്ത്യയുടെ കോൺസൽ ജനറൽ അനുരാഗ് ഭൂഷണും അംഗീകാരം നല്കി. ഇന്ത്യൻ മിഷൻ ബിഎൽഎഫിന് രൂപം നല്കിയത് വ്യക്തമായ കാഴ്ചപ്പാടോടെയാണെന്നും ഫോറത്തിന് പിന്തുണ നല്കി വ്യാപാരം വർദ്ധിപ്പിക്കുന്നതിനും നിക്ഷേപങ്ങൾ കൂട്ടുന്നതിനും യുഎഇ-ഇന്ത്യ ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനുമായി പ്രവർത്തിക്കുമെന്നും അംബാസഡർ പത്രസമ്മേളനത്തിൽ അറിയിച്ചു.

കൂടുതൽ സാഹോദര്യ, സാമ്പത്തിക ബന്ധവും യുഎഇയും ഇന്ത്യയും തമ്മിലുള്ള നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും ഇന്ത്യൻ മിഷനുമായി സഹകരിക്കുമെന്ന് യുഎഇ ഇക്കണോമി മന്ത്രാലയത്തിന്റെ ഫോറിൻ ട്രേഡ് ആൻഡ് ഇൻഡസ്്ട്രിയുടെ അണ്ടർ സെക്രട്ടറി അബ്ദുള്ള സലേഹ് പറഞ്ഞു.

കൂടുതൽ നിക്ഷേപത്തിനും ഇന്ത്യയിൽ നിക്ഷേപം നടത്തുന്ന യുഎഇയിലെ അന്താരാഷ്ട്ര നിക്ഷേപകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ബിഎൽഎഫുമായി ധാരണാപത്രം ഒപ്പിട്ടുവെന്ന് യുഎഇ ഇന്റർനാഷണൽ ഇൻവെസ്റ്റേഴ്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ ജമാൽ ജർവാൻ പറഞ്ഞു. യുഐഐസിയുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് ബിഎൽഎഫ് നല്ലൊരു വേദിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ശക്തി മനുഷ്യവിഭവശേഷിയും യുഎഇയുടെ ശക്തി അടിസ്ഥാനസൗകര്യവികസനമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും സഹകരണവും കൂടുതൽ ഉയരങ്ങളിലേയ്ക്ക് എത്തിക്കാൻ സാധിക്കുമെന്നും ബിഎൽഎഫ് സീനിയർ വൈസ് പ്രസിഡന്റ് ഡോ. റാം ബക്‌സാനി ചൂണ്ടിക്കാട്ടി. യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിനാണ് ബിഎൽഎഫ് രൂപീകരിച്ചിരിക്കുന്നതെന്നും ഇന്ത്യയിലെയും യുഎഇയിലെയും ബിസിനസുകാർക്കും ഉയർന്ന തലത്തിലുള്ള ഗവൺമെന്റ് അധികൃതർക്കും ബന്ധപ്പെടുന്നതിനുള്ള വേദിയാണിതെന്നും അദേഹം പറഞ്ഞു.

ബിഎൽഎഫ് അംഗത്വം ഇന്ത്യയിലെയും എമിറേറ്റ്‌സിലേയും ബിസിനസ് നേതാക്കൾക്കും ഇന്ത്യയും യുഎഇയുമായി സൗഹൃദത്തിലുള്ള മാറ്റ് രാജ്യങ്ങളിലുള്ളവർക്കും ഇന്ത്യയുമായും യുഎഇയുമായും ബിസിനസ് ബന്ധങ്ങൾ ആഗ്രഹിക്കുന്നവർക്കും ക്ഷണം അനുസരിച്ച് മാത്രമായിരിക്കും. ഉടൻതന്നെ എമിറേറ്റ്‌സിലെ അറബ് ബിസിനസ് നേതാക്കളെ ഉൾപ്പെടുത്തി ഒരു ബോർഡിന് രൂപം നല്കും.