ദുബായിൽ ആശാ ശരത്ത് കൾച്ചറൽ സെന്റർ തുറന്നു

Posted on: February 7, 2017

ദുബായ് : സിനിമാതാരവും ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയുമായ ആശാ ശരത്തിന്റെ പുതിയ കലാസംരംഭമായ ആശാ ശരത്ത് കൾച്ചറൽ സെന്റർ ഖിസൈസിൽ ആരംഭിച്ചു. കൈരളി കലാകേന്ദ്രത്തിന്റെ സഹസംരംഭമായാണ് ആശാ ശരത്ത് കൾച്ചറൽ സെന്റർ പിറവിയെടുത്തത്. അഭിനയത്തിന്റെയും മോഡലിംഗിന്റെയും ആഗോള ട്രെൻഡുകളിൽ ഊന്നിക്കൊണ്ടുള്ളതാണ് ഈ സംരംഭം.

പത്തു വയസ് പൂർത്തിയായവർക്കാണ് പ്രവേശനം. ഓരോ ബാച്ചിലും 20-25 കുട്ടികൾ വീതമുണ്ടാകും. കൂടാതെ പ്രായപൂർത്തിയായവർ, വീട്ടമ്മമാർ, യുവാക്കൾ തുടങ്ങിയ വിഭാഗങ്ങൾക്കും പരിശീലനം നൽകും. ഓരോ രംഗത്തെയും വിദഗ്ധരായവരുടെ നേതൃത്വത്തിലായിരിക്കും വിദ്യാർത്ഥികൾക്ക് ശിക്ഷണം നൽകുന്നത്.

ആംഗ്യ, ഭാവാഭിനയ സങ്കേതങ്ങളുടെ പരിശീലനത്തിനും ചലന, ശബ്ദക്രമീകരണങ്ങളുടെ പരിജ്ഞാനത്തിനും കാമറയ്ക്കു മുമ്പിലുള്ള അഭിനയത്തികവിനും ഒഡിഷൻ പരിശീലനത്തിനും അഭിനയത്തിനനുസൃതമായ വ്യക്തിത്വ വികസനത്തിനും മേക്കപ്പ്, ഹെയർസ്റ്റൈൽ, വസ്ത്രാലങ്കാരം എന്നിവയിലുള്ള അറിവിനും ആശാ ശരത് കൾചറൽ സെന്ററിൽ അവസരങ്ങളുണ്ട്.

അഭിനയ നൃത്തമേഖലകളിൽ നിന്ന് ആർജിക്കാൻ കഴിഞ്ഞിട്ടുള്ള അനുഭവസമ്പത്ത് മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടുത്തുകയാണ് പുതിയ സംരംഭത്തിന്റെ ഉദേശമെന്ന് ആശാ ശരത് പറഞ്ഞു.

TAGS: Asha Sarath |