മസ്‌ക്കറ്റ് എയർപോർട്ട് നിർമാണം പുരോഗമിക്കുന്നു

Posted on: August 1, 2016

Muscat-International-Airpor

മസ്‌ക്കറ്റ് : ഒമാനിലെ മസ്‌ക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിന്റെ നിർമാണം പുരോഗമിക്കുന്നു. 1.8 ബില്യൺ ഡോളർ ചെലവിൽ നിർമ്മിക്കുന്ന പുതിയ രാജ്യാന്തര വിമാനത്താവളം അടുത്തവർഷം പ്രവർത്തനക്ഷമമാകും. ആദ്യഘട്ടത്തിൽ പ്രതിവർഷം 12 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാകും. ഡിമാൻഡ് അനുസരിച്ച് നാലുഘട്ടമായി 48 ദശലക്ഷം യാത്രക്കാരെ കൈകാര്യംചെയ്യാവുന്നവിധം വികസിപ്പിക്കും.

പുതിയ എയർപോർട്ടിൽ 118 ചെക്കിൻ കൗണ്ടറുകൾ, 82 എമിഗ്രേഷൻ കൗണ്ടറുകൾ, 40 ബോർഡിംഗ് ഗേറ്റുകൾ, 29 വെയ്റ്റിംഗ് ലോഞ്ചുകൾ, ഡ്യൂട്ടി ഫ്രീ ഏരിയ, റീട്ടെയ്ൽ സ്റ്റോറുകൾ, റെസ്‌റ്റോറന്റുകൾ, കഫേ എന്നിവയുണ്ടാകും. ബാഗേജ് നീക്കത്തിന് 10 കൺവെയർബെൽറ്റുകളുമുണ്ട്. അഞ്ച് നിലകളിലായി 1,100 വാഹനങ്ങൾക്കും മറ്റൊന്നിൽ 1,200 വാഹനങ്ങൾക്കുമുള്ള പാർക്കിംഗ് സൗകര്യവുമുണ്ടാകും.

എയർബസ് എ 380 വിമാനങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് അനുയോജ്യമായ രണ്ട് പാരലൽ റൺവേകളും സ്ഥാപിക്കുന്നുണ്ട്. 90 മുറികളുള്ള എയർസൈഡ് ഹോട്ടലും നിർമ്മിക്കുന്നുണ്ട്. എയർപോർട്ട് ടെർമിനലിലന് 580,000 ചതുരശ്രമീറ്ററാണ് വിസ്തൃതി.