വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ഫോട്ടോ : തീരുമാനത്തിന് പിന്നിൽ എബിയുടെ നിവേദനം

Posted on: March 20, 2015

Eby-J-Jose-big

കോട്ടയം : വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ഫോട്ടോ ഉൾപ്പെടുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പ്രേരകമായത് പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസിന്റെ നിവേദനം. ഈ ആവശ്യമുന്നയിച്ച് എബി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് 2013-ൽ നിവേദനം നൽകിയിരുന്നു. അന്നു ഉപതെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ഇപ്പോഴത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ എച്ച്. എസ്. ബ്രഹ്മ നിർദ്ദേശത്തെ അഭിനന്ദിക്കുകയും പ്രാധാന്യത്തോടെ നടപടി സ്വീകരിക്കാമെന്ന് മറുപടി നൽകുകയും ചെയ്തിരുന്നു.

എതിർ സ്ഥാനാർത്ഥയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരേ പേരിലുള്ള അപരന്മാരെ മത്സരിപ്പിക്കാനനുള്ള രാഷ്ട്രീയ കക്ഷികളുടെ ജനവിരുദ്ധ നിലപാടിനു ഈ തീരുമാനത്തിലൂടെ അവസാനമാകുമെന്ന് എബി ജെ. ജോസ് പറഞ്ഞു. സാങ്കേതിക വിദ്യയുടെ ഈ കാലത്ത് അധിക ചിലവൊന്നുമില്ലാതെ ഫോട്ടോ തെരഞ്ഞെടുപ്പ് യന്ത്രത്തിൽ ഉൾപ്പെടുത്താനാകുമെന്ന് എബി ജെ. ജോസ് ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം പ്രചാരണത്തിന്റെ അവസാനകാലഘട്ടത്തിനു മുമ്പ് മണ്ഡലത്തിലെ എല്ലായിടത്തും പ്രചാരണം എത്തിക്കാത്ത സ്ഥാനാർത്ഥികളെ അയോഗ്യരാക്കുക, ഒരു സ്ഥാനാർത്ഥിക്ക് അനുവദിക്കുന്ന തെരഞ്ഞെടുപ്പ് ആനുകൂല്യങ്ങളായ വാഹനപാസ്, പോളിംഗ് ഏജന്റ്, കൗണ്ടിംഗ് ഏജന്റ് മുതലായവ കൈമാറ്റം ചെയ്യുന്നതിനെതിരെ നടപടിയെടുക്കുക തുടങ്ങിയ മറ്റു നിർദ്ദേശങ്ങളും എബി തെരഞ്ഞെടുപ്പ് കമ്മീഷനു സമർപ്പിച്ചിട്ടുണ്ട്.

ദേശീയ പതാക ദുരുപയോഗത്തിനെതിരെ കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രചാരണം നടത്തുന്ന എബി നടത്തുന്ന നിരവധി പ്രവർത്തനങ്ങൾ ദേശീയ-അന്തർദ്ദേശീയ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. കറൻസി നോട്ടുമാല ഇടുന്നതിനെതിരെ എബി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടുത്തകാലത്ത് റിസർവ്ബാങ്ക് നടപടി സ്വീകരിച്ചിരുന്നു.