വിസാം അൽ ബഹ്‌റൈൻ

Posted on: December 17, 2014

M-A-Yusaf-Ali-receiving-the

പ്രമുഖ വ്യവസായി എം എ യൂസഫലിക്ക് ബഹ്‌റൈനിന്റെ പരമോന്നത സിവിലിയൻ ബഹുമതി. ബഹ്‌റൈനിന്റെ 43 ാം ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് മനാമയിലെ രാജകൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് വിസാം അൽ ബഹ്‌റൈൻ (മെഡൽ ഓഫ് ബഹ്‌റൈൻ – ഓർഡർ ഓഫ് ദ കിംഗ്) ബഹുമതി ബഹ്‌റൈൻ രാജാവും ഭരണാധികാരിയുമായ ഹമദ് ബിൻ ഈസ അൽ ഖലീഫ, യൂസഫലിക്ക് സമ്മാനിച്ചത്.

ആദ്യമായാണ് ബഹ്‌റൈൻ സ്വദേശിയല്ലാത്ത ഒരു വ്യക്തിക്ക് ഈ ഉന്നത ബഹുമതി നൽകി ആദരിക്കുന്നത്. ബഹ്‌റൈനിന്റെ വാണിജ്യമേഖലയ്ക്ക് യൂസഫലി നൽകി വരുന്ന സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം. ബഹ്‌റൈൻ സ്വദേശികൾക്ക് ജോലി നൽകുന്ന മുൻനിര സ്ഥാപനങ്ങളിലൊന്നാണ് ലുലുഗ്രൂപ്പ്.

ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, ബഹ്‌റൈൻ കിരീടാവകാശി സൽമാൻ രാജകുമാരൻ, രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ തുടങ്ങി നിരവധി പേർ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.

ബഹ്‌റൈൻ രാജാവിൽ നിന്നും ഈ ബഹുമതി ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു. ബഹ്‌റൈന്റെയും ബഹ്‌റൈനിൽ വസിക്കുന്ന ഇന്ത്യക്കാരുടെയും ഉന്നമനത്തിനായി പ്രയത്‌നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.