മഹീന്ദ്ര വാഴപ്പഴം

Posted on: December 6, 2014

Mahindra-Sabora-Bananas-Big

ജീപ്പും കാറും വിമാനവും മാത്രമല്ല മഹീന്ദ്ര & മഹീന്ദ്ര വിൽക്കുന്നത്. വാഹനങ്ങൾക്കൊപ്പം മുന്തരിയും ആപ്പിളും ഇന്ത്യയിൽ വിൽക്കുകയും കയറ്റുമതി നടത്തുകയും ചെയ്യുന്നു. സബോറ ബ്രാൻഡിലാണ് മഹീന്ദ്രയുടെ പ്രീമിയം ഫ്രൂട്ട്‌സ് വിപണിയിൽ എത്തുന്നത്. സ്പാനിഷ് പദമായ സബോറയുടെ അർത്ഥം രുചി എന്നാണ്.

കഴിഞ്ഞ ദിവസം മഹീന്ദ്ര ശുഭ്‌ലാഭ് സർവീസസ് വാഴപ്പഴവും വിപണിയിൽ അവതരിപ്പിച്ചു. ന്യൂഡൽഹിയിലെ സൂപ്പർമാർക്കറ്റുകളിൽ വാഴപ്പഴത്തിന്റെ വില്പന പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങി. വൈകാതെ സബോറ ബ്രാൻഡിൽ വാഴപ്പഴവും ഇടംപിടിക്കും. ഇപ്പോൾ ഹൈദരബാദിൽ മാത്രമാണ് സബോറ ഉത്പന്നങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്. സബോറ ഉത്പന്നങ്ങൾക്ക് 5-10 ശതമാനം പ്രീമിയം നിരക്കിലാണ് വില ഈടാക്കുന്നത്.

മഹീന്ദ്ര മുന്തിരി കയറ്റുമതി ആരംഭിക്കുന്നത് 2005 ലാണ്. ആറ് കണ്ടെയ്‌നർ മുന്തിരിയാണ് അന്ന് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്തതെങ്കിൽ ഇന്ന് 300 കണ്ടെയ്‌നറിലേറെ മുന്തരി യുകെ, സൗദി അറേബ്യ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. കൂടാതെ മാതളനാരങ്ങ, മാമ്പഴം, ആപ്പിൾ എന്നിവയും കയറ്റുമതി ചെയ്യുന്നു. കിവി, പേരയ്ക്ക തുടങ്ങിയ വിദേശ പഴങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതിയും നടത്തുന്നു. ആയിരത്തോളം കർഷകരാണ് മഹീന്ദ്രയുമായി കോൺട്രാക്ട് ഫാമിംഗിൽ ഏർപ്പെട്ടിട്ടുള്ളത്.