ഓറിയന്റ് ഇക്കോടെക് ഫാൻ വിപണിയിൽ

Posted on: November 16, 2014

Ecotech-Fan-with-Remote-Big

ഓറിയന്റ് ഇലക്ട്രിക് നൂതന സാങ്കേതികവിദ്യയായ ഇക്കോടെക് ഉപയോഗിച്ച് നിർമിച്ച ഫാൻ, വിപണിയിലിറക്കി. ഓറിയന്റിന്റെ സ്വന്തം കണ്ടുപിടുത്തമാണ് ഇക്കോടെക് ശ്രേണി. ബിഎൽഡിസി (ബ്രഷ്‌ലസ് ഡയറക്ട് കറന്റ് മോട്ടോർ) പ്ലാറ്റ്‌ഫോമിൽ നിർമിച്ച ഇക്കോടെക് ഫാനുകൾ 50 ശതമാനം വൈദ്യുതി ലാഭിക്കാൻ ശേഷിയുള്ളവയാണ്. ഇതുവഴി രാജ്യത്തിന് പ്രതിവർഷം 14,000 മെഗാവാട്‌സ് വൈദ്യുതി ലാഭിക്കാൻ കഴിയും.

മികവുറ്റ പ്രവർത്തനക്ഷമത, സുസ്ഥിരമായ സ്പീഡ്, കുറഞ്ഞ വോൾട്ടേജിൽ പോലും ശബ്ദരഹിത പ്രവർത്തനം എന്നിവയാണ് മറ്റു പ്രത്യേകതകൾ. പെർമനന്റ് മാഗ്നറ്റ് റോട്ടർ, എല്ലാ സ്പീഡിലും സുസ്ഥിര ടോർക്, ഇലക്‌ട്രോണിക് കമ്യൂട്ടേഷൻ എന്നിവയാണ് മറ്റു ഘടകങ്ങൾ.

വർഷങ്ങൾ നീണ്ട ഗവേഷണങ്ങളുടെ ഫലമായി കമ്പനിയുടെ ഫരീദാബാദ് ഗവേഷണ കേന്ദ്രമാണ് ഇക്കോടെക് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. 90 കളിൽ ഓറിയന്റ് വിപണിയിലെത്തിച്ച പിഎസ്പിഒ (പീക് സ്പീഡ് പെർഫോമൻസ് ഔട്ട്പുട്ട്) സാങ്കേതികവിദ്യ ഫാൻ വിപണിയുടെ മുഖഛായതന്നെ മാറ്റിമറിക്കുകയുണ്ടായി. ഇപ്പോൾ ബിഎൽഡിസി സാങ്കേതികവിദ്യ ഫാൻ വിപണിയിൽ ഒരു പുത്തൻ ഉണർവ് സൃഷ്ടിക്കുമെന്നാണ് ഓറിയന്റ് ഇലക്ട്രിക് വിശ്വസിക്കുന്നത്.

പരിസ്ഥിതി സൗഹൃദപരം, സമാനതകളില്ലാത്ത പ്രവർത്തനക്ഷമത, ചാരുത എന്നിവയാണ് ഓറിയന്റ് ഇക്കോടെക് ഫാനുകളെ വ്യത്യസ്തമാക്കുന്നതെന്ന് ഓറിയന്റ് ഫാൻ ബിസിനസ് തലവൻ അനിന്ദ്യ ദാസ് ചൂണ്ടിക്കാട്ടി.

5 സ്പീഡ് റിമോട്ട്, 4 സ്റ്റെപ് ടൈമർ കൺട്രോൾ, അലൂമിനിയം ബ്ലേഡ്, മോട്ടോറിന് രണ്ടുവർഷ വാറണ്ടി എന്നിവയോടുകൂടിയ ഇക്കോടെക് ഫാനിന്റ വില 4800 രൂപയാണ്. വെള്ള, ബ്രൗൺ, ഐവറി നിറങ്ങളിൽ ലഭ്യം. ആഡംബര ബിഎൽഡിസി മോഡലുകൾ ഉടൻ വിപണിയിലെത്തും.