തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗ് : കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗൂഗിളിന്റെ പരിശീലനം

Posted on: February 22, 2019

കൊച്ചി : മാധ്യമപ്രവര്‍ത്തകര്‍ക്ക് 2019 ലോക്‌സഭാ ഇലക്ഷന്‍ റിപ്പോര്‍ട്ടിംഗിനു സഹായകമാകുന്ന ഗൂഗിളിന്റെ പരിശീലന പരിപാടി കൊച്ചിയില്‍. പോള്‍ ചെക്ക് : കവറിംഗ് ഇന്ത്യാസ് ഇലക്ഷന്‍ എന്ന പരിശീലന പരമ്പരയില്‍ ഓണ്‍ലൈന്‍ വെരിഫിക്കേഷനും വസ്തുതാ പരിശോധനയും എങ്ങനെ കൃത്യമായി നടത്താം എന്നതിലാണ് പരിശീലനം നല്‍കുന്നത്. കൊച്ചിയില്‍ മാര്‍ച്ച് രണ്ടിന് നടക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.

ഡാറ്റാലീഡ്‌സും ഇന്റര്‍ന്യൂസുമായി ചേര്‍ന്ന് ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവ് ആണ് ദേശീയ തലത്തില്‍ ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.ഫെബ്രുവരി 26 മുതല്‍ ഏപ്രില്‍ ആറു വരെ 10 ഭാഷകളിലായി ഇന്ത്യയിലെ 30 നഗരങ്ങളിലാണ് പരിശീലന പരിപാടികള്‍.

വര്‍ക്കിംഗ് ജേണലിസ്റ്റുകള്‍ക്കും ഫ്രീലാന്‍സ് ജേണലിസ്റ്റുകള്‍ക്കും മാത്രമല്ല, ജേണലിസം വിദ്യാര്‍ത്ഥികള്‍ക്കും പരിപാടിയിലേക്ക് രജിസ്റ്റര്‍ ചെയ്യാം.ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍, വസ്തുതാ പരിശോധന, ജേണലിസ്റ്റ് ഡിജിറ്റല്‍ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി, യൂ ട്യൂബ് ഫോര്‍ ഇലക്ഷന്‍സ് കവറേജ്, ഡാറ്റാ വിഷ്വലൈസേഷന്‍ ഫോര്‍ ഇലക്ഷന്‍സ് എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് സഹായകരമായ ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്നും 2016 മുതല്‍ ഇതുവരെ 40 നഗരങ്ങളിലായി 13,000 ജേണലിസ്റ്റുകള്‍ക്ക് ഗൂഗിള്‍ പരിശീലനം നല്‍കിയിട്ടുണ്ട് എന്നും ഗൂഗിള്‍ ന്യൂസ് ലാബ് ലീഡ് (ഏഷ്യാ പസഫിക്) ഐറിന്‍ ജയ് ലിയു പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ india.googleblog.com എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യേണ്ട സ്ഥലത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ റജിസ്‌ട്രേഷന്‍ ഫോം ലഭിക്കും

TAGS: Google Nwes |